വിഴിഞ്ഞം: വെങ്ങാനൂർ ബോയ്സ് സ്കൂളിൽ മീറ്റിംഗിനെത്തിയ എം.വിൻസന്റ് എം.എൽ.എയെ ബസ് കാത്ത് നിന്ന ഗേൾസ് സ്കൂളിലെ വിദ്യാർത്ഥിനികൾ വളഞ്ഞപ്പോൾ കണ്ടുനിന്നവർ ആദ്യം ഒന്നമ്പരന്നു. വളഞ്ഞത് മണിക്കൂറുകളോളം ബസ് കാത്ത് നിന്ന് വലഞ്ഞതിനെ തുടർന്നാണെന്ന് അറിഞ്ഞപ്പോൾ കൂടി നിന്നവരും പിന്തുണച്ചു. വെങ്ങാനൂർ ജംഗ്ഷനിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ ബസ് കിട്ടാതെ വലഞ്ഞ വിദ്യാർത്ഥിനികളാണ് സ്ഥലത്തെത്തിയ എം.എൽ.എയെ പരാതിയുമായി വളഞ്ഞത്. തുടർന്ന് എം.എൽ.എയുടെ ഫോണിൽ വിദ്യാർത്ഥിനികൾ നേരിട്ട് എ.ടി.ഒയോടും തങ്ങളുടെ ബുദ്ധിമുട്ട് അറിയിച്ചു. വിദ്യാർത്ഥിനികളുടെ ഈ ധൈര്യം കണ്ടതോടെ ഇവരെ ബസ് കയറ്റി വിടാൻ നിന്ന ടീച്ചർമാരുമെത്തി ഇത് സ്ഥിരം ബുദ്ധിമുട്ടാണെന്ന് എം.എൽ.എയോട് പറഞ്ഞു. എം.എൽ.എ വിഴിഞ്ഞം കെ.എസ്.ആർ.ടി.സി അധികൃതരുമായി ബന്ധപ്പെട്ട് ഉടൻ തന്നെ ബസ് അയയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അടുത്ത ദിവസം മുതൽ കൃത്യസമയത്ത് തന്നെ ബസ് അയയ്ക്കാമെന്നും ട്രാഫിക് കുരുക്കിൽപ്പെട്ടതിനാലാണ് താമസിച്ചതെന്നും അധികൃതർ അറിയിച്ചതായി എം.എൽ.എ പറഞ്ഞു.