award

തിരുവനന്തപുരം: ശാശ്വതീകാനന്ദ സ്വാമിയുടെ 17ാമത് സമാധി വാർഷികത്തിൽ അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കി മണക്കാട് സമദർശിനി ഹാളിൽ അനുയായികൾ ഒത്തുകൂടി. ശ്രീമദ് ശാശ്വതീകാനന്ദ സ്വാമി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ (എസ്.എസ്.എം.സി)​ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ഗുരുദർശനങ്ങളിൽ നിന്ന് ഇടയ്ക്കെപ്പോഴോ നമ്മൾ വഴുതി മാറിപ്പോയെന്നും ഗുരുദർശനങ്ങൾ ചരിത്രത്താളുകളിൽ വായിക്കേണ്ട അവസ്ഥയുണ്ടായെന്നും മേയർ പറഞ്ഞു.

ഈ വർഷത്തെ ശാശ്വതീകാനന്ദ സ്വാമി മെമ്മോറിയൽ അവാർഡ് ഡോ. ബിജു രമേശ്, ‌ഡോ. വിനോദ്, ഡോ. ബി.എസ്. ബാലചന്ദ്രൻ എന്നിവർക്ക് മേയർ നൽകി. മുൻ എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ആര്യനാട് സുകുമാരൻ കുട്ടി, കുര്യാത്തി ശശി, സിദ്ധാർത്ഥൻ എന്നിവരെ ആദരിച്ചു. മണക്കാട് പി.സുരേന്ദ്രന്റെ സ്മരണാർത്ഥം സ്കൂൾ കുട്ടികൾക്ക് കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ പഠനോപകരണങ്ങളും മേയർ വിതരണം ചെയ്തു. ഗുരുദർശനങ്ങളുടെ പ്രസക്തിയും മഹത്വവും മനസിലാക്കാൻ നമുക്ക് കഴിയണമെന്ന് ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി പറഞ്ഞു. സമാധി സമ്മേളനത്തിന് മുന്നോടിയായി നടന്ന ആത്മീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ എം.ആർ. യശോധരൻ,​ സുഗതൻ തന്ത്രി എന്നിവർ ആത്മീയപ്രഭാഷണം നടത്തി. സി. ദിവാകരൻ എം.എൽ.എ,​ ജസ്റ്റിസ് ലക്ഷ്മികുട്ടി,​ എസ്.എസ്.എം.സി ചെയർമാൻ സി. രാജേന്ദ്രൻ,​ ജനറൽ സെക്രട്ടറി ഷിബു.വി.എസ്,​​ ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ഹുസൈൻ സേട്ട്,​ വിശ്വനാഥൻ, കെ.ജയധരൻ, കെ.സുരേന്ദ്രൻ, കരുമം സുരേന്ദ്രൻ, പി.ജി. ശിവബാബു, മാതാ ഗുരുപ്രിയ,​ കെ.എൽ. അശോക്‌ കുമാർ, അശോകൻ ശാന്തി, അരുവിപ്പുറം ഡി.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. സമാധി വാർഷികത്തിന്റെ ഭാഗമായി രാവിലെ 10.30ന് ശ്രീനാരായണ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ കാവ്യാർച്ചന, ഉച്ചയ്ക്ക് 12ന് പ്രസാദ വിതരണം തുടങ്ങിയവയും നടന്നു.