തിരുവനന്തപുരം: അന്തർ സംസ്ഥാന ദീർഘദൂര സർവീസുകൾ നടത്തുന്ന സ്വകാര്യബസുടമകൾ നടത്തി വന്ന സമരം ഒത്തുതീർപ്പായതിനെ തുടർന്ന് ഇന്നലെ രാത്രി സർവീസുകൾ പുനരാരംഭിച്ചു. ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലുമായി ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ തീരുമാനമുണ്ടായത്.
പരിശോധന ഒഴിവാക്കുന്നതടക്കം സമരക്കാർ ഉന്നയിച്ച പ്രധാന ആവശ്യങ്ങളൊന്നും സർക്കാർ അംഗീകരിച്ചില്ല. അതേസമയം, വിശേഷാവസരങ്ങളിൽ കെ.എസ്.ആർ.ടി.സിയെ പോലെ 15 ശതമാനം അധിക ചാർജ് ഈടാക്കാൻ അനുമതി നൽകി. ജൂൺ 24 നാണ് സമരം ആരംഭിച്ചത്. കല്ലട ബസിലെ യാത്രക്കാർക്ക് ഒന്നിലേറെ തവണ ജീവനക്കാരിൽ നിന്നു മോശം അനുഭവം ഉണ്ടായതിനെ തുടർന്നാണ് വാഹന പരിശോധന ശക്തമാക്കിയതും സമരം തുടങ്ങിയതും. വിവിധ സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള 400 സർവീസുകളാണ് നിറുത്തിവച്ചത്.
ബസുടമകളുടെ ഉറപ്പ്
യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യവും, വൈദ്യസഹായവും ഉറപ്പുവരുത്തും. ബസുകളിൽ പരാതി പരിഹാര നമ്പരുകൾ പ്രദർശിപ്പിക്കും. കോൺട്രാക്ട് കാര്യേജ് വ്യവസ്ഥപ്രകാരമേ യാത്രക്കാരെ കയറ്റൂ. യാത്ര പുറപ്പെടും മുമ്പ് യാത്രക്കാരുടെ പട്ടിക മോട്ടോർവാഹനവകുപ്പിന്റെ നൈറ്റ് റൈഡേഴ്സ് നോഡൽ ഓഫീസർക്ക് ഇ മെയിൽ ചെയ്യും. ഈ പട്ടിക ചെക്കുപോസ്റ്റിലും വിവിധ മോട്ടോർവാഹനവകുപ്പ് സ്ക്വാഡുകൾക്കും കൈമാറും. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം സർക്കാർ നിശ്ചയിക്കുന്ന നിരക്ക് അംഗീകരിക്കും.