കോവളം: ആരോഗ്യ ഇൻഷ്വറൻസ് അധികൃതരുടെ അനാസ്ഥ കാരണം ദുരിതത്തിലായത് നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ രോഗികളും വൃദ്ധരും അടങ്ങിയ നൂറ് കണക്കിന് ആളുകളാണ്. കാർഡ് പുതുക്കുന്നതിന്റെ മൂന്നാം ദിവസമായ ഇന്നലെയും നഗരസഭയുടെ തിരുവല്ലം സോണലിന്റെ വിവിധ വാർഡുകളിൽ നിന്നുള്ള ആളുകളാണ് പാച്ചല്ലൂർ ഗവ. എൽ.പി.എസിൽ എത്തിയത്. കഴിഞ്ഞ ഞായറാഴ്ച വിവിധ വാർഡുകളിൽ നിന്നുള്ള ആയിരത്തോളം ആളുകൾ കാർഡ് പുതുക്കാൻ എത്തിയിരുന്നെങ്കിലും പുതുക്കാൻ കഴിയാത്തത് സംഘർഷത്തിനിടയാക്കിയിരുന്നു. ക്യാമ്പിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ തിരുവല്ലം പൊലിസ് ഇടപെട്ടാണ് അനുനയിപ്പിച്ചത്. ഒരോ ദിവസവും മൂന്ന് വാർഡുകളിലുള്ളവരുടെ കാർഡുകൾ പുതുക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും ചില വാർഡുകളിൽ ഒരു ദിവസം മാത്രമാണ് ക്യാമ്പ് നടന്നതെന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം കാർഡ് പുതുക്കാൻ വന്നപ്പോൾ സാങ്കേതിക പ്രവർത്തകർ അത്യാവശ്യം വേണ്ട സംവിധാനം കരുതാത്തതാണ് സംഘർഷത്തിന് കാരണമായതെന്നും പറയുന്നു. തിരുുവല്ലം സോണലിന് പുറമേ മറ്റു സ്ഥലങ്ങളിൽ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പുതുക്കലിനിടെ സംഘർഷമുണ്ടാകുന്നത് പതിവായിരിക്കുകയാണ്. അധികൃതർ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാത്തതാണ് പലപ്പോഴും പ്രശ്‌നങ്ങൾക്ക് കാരണമാകുന്നത്.നിലവിലുള്ള സംവിധാനങ്ങൾ തകരാറിലാകുന്നതും പ്രശ്‌നങ്ങൾക്കിടയാക്കുന്നുണ്ട്. മണിക്കൂറുകൾ ക്യൂ നിന്നാണ് നിലവിൽ ജനങ്ങൾ കാർഡ് പുതുക്കുന്നത്.