german-woman-lisa-wiese

തിരുവനന്തപുരം : തലസ്ഥാനത്തു നിന്ന് കാണാതായ ജർമ്മൻ സ്വദേശിനി ലിസ വെയ്സും സുഹൃത്ത് മുഹമ്മദാലിയും മൂന്നു മാസം മുമ്പ് കോവളത്തെത്തിയെന്ന് സാക്ഷി മൊഴി.

ചിത്രത്തിലുള്ള വിദേശ സ്ത്രീ കോവളത്ത് കടൽതീരത്തോട് ചേർന്നുള്ള ഒരു ഹോട്ടലിൽ എത്തിയതാണ് ഉടമയും ജീവനക്കാരും മൊഴി നൽകിയത്. നാലുമണിക്കൂറോളം ഹോട്ടലിലെ റസ്റ്റാറന്റിൽ ചെലവഴിച്ച ഇവർ മുറിയെടുക്കാതെ മടങ്ങുകയായിരുന്നു. സ്ത്രീയ്‌ക്കൊപ്പം ഒരാൾ കൂടി ഉണ്ടായിരുന്നതായി ഹോട്ടൽ ഉടമയും ജീവനക്കാരും പറഞ്ഞു. പിന്നീട് ഇവർ ഏങ്ങോട്ടാണ് പോയതെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല.

ജർമ്മൻ യുവതി കോവളത്തെത്തിയെന്ന സൂചന ലഭിച്ചതോടെ സംസ്ഥാനത്തെ വിവിധ വിനോദസഞ്ചാര - തീർത്ഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന വ്യാപകമാക്കി.കോവളം മുതൽ പൂവാർ വരെയുള്ള തീരദേശ വിനോദസഞ്ചാര മേഖലയിലും ,വിനോദസഞ്ചാരികൾ എത്താൻ സാദ്ധ്യതയുള്ള റിസോർട്ടുകൾ ഹോട്ടലുകൾ ഹോം സ്‌റ്റേകൾ എന്നിവിടങ്ങളിലും പരിശോധനയുണ്ട്. വർക്കല, ഗുരുവായൂർ, കൊല്ലം എന്നിവിടങ്ങളിലെ വിവിധ ഹോട്ടലുകളിലും പൊലീസെത്തി.. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന. വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് സമീപത്തെ ആളൊഴിഞ്ഞ പ്രദേശങ്ങളും ക്രിമിനൽ സംഘങ്ങളെയും കേന്ദ്രീകരിച്ചും ഷാഡോ സംഘങ്ങൾ അന്വേഷണം ആരംഭിച്ചു. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ഇളങ്കോയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ മാർച്ച് ഏഴിനാണ് ജർമ്മൻ സ്വദേശിനി ലിസയും സുഹൃത്തും തിരുവനന്തപുരത്തെത്തിയത്.

കൊല്ലം അമൃതപുരയിലേക്ക് പോകാനാണ് എത്തിയതെന്നാണ് വിമാനത്താവളത്തിലെ രേഖകളിലുണ്ടായിരുന്നത്. എന്നാൽ ഇവർ അമൃതപുരിയിൽ എത്തിയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


15ന് സുഹൃത്ത് മുഹമ്മദാലി കൊച്ചി വിമാനത്താവളം വഴി തിരിച്ച് പോയതായും പൊലീസ് കണ്ടെത്തി. ഇന്ത്യയിലെ മറ്റേതെങ്കിലും വിമാനത്താവളത്തിലൂടെ ലിസ തിരിച്ച് പോയിട്ടുണ്ടോ എന്നറിയാൻ പൊലീസ് എഫ്.ആർ.ആർ.ഒയുടെ സഹായം തേടിയിട്ടുണ്ട്. ഇവരുടെ യാത്രാ രേഖകൾ നൽകണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

അമ്മയുമായി വീഡിയോകോൺഫറൻസിംഗ്


ജർമ്മൻ കോൺസലേറ്റുമായി ബന്ധപ്പെട്ട് ലിസയുടെ അമ്മ കാത്രി വെയ്സുമായി സംസാരിക്കാനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം ആരംഭിച്ചു. കാത്രി വെയ്സാണ് ജർമ്മൻ കോൺസുലേറ്റിൽ പരാതി നൽകിയത്. വീഡിയോ കോൺഫറൻസിലൂടെ ഇവരുമായി സംസാരിക്കും..