തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ യൂണിയനുകളുടെ പ്രവർത്തനം അക്കാഡമിക്ക് പ്രവർത്തനങ്ങളെയും പഠനത്തെയും ബാധിക്കുന്നതായി കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. കാമ്പസുകളിലെ സംഘടനാ പ്രവർത്തനങ്ങൾക്ക് അടിയന്തരമായ മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്നും കോളേജിലെ ബിരുദ വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമത്തിന്റെ പശ്ചാത്തലത്തിൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടർ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കോളേജ് യൂണിയനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ ജനാധിപത്യപരമാക്കണമെന്നും വിദ്യാർത്ഥികളുടെ ശാരീരിക വൈഷമ്യങ്ങൾ പോലും വകവയ്ക്കാതെ യൂണിയൻ പരിപാടികളിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് ഇറക്കുന്നത് നിയന്ത്രിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കോളേജ് യൂണിയൻ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉണ്ടാകുന്ന ഇടപെടലുകൾ നിയന്ത്രണങ്ങൾക്ക് അതീതമാണെന്നാണ് അദ്ധ്യാപകർ പറയുന്നത്. ജനാധിപത്യവത്കരണത്തിന് വിദ്യാർത്ഥികളെ വിധേയമാക്കുന്ന തരത്തിൽ പ്രവർത്തനം നിയന്ത്രിക്കണമെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം കോളേജിൽ വെക്കേഷനായിരുന്നതിനാൽ വിദ്യാർത്ഥിനിയോടും രണ്ട് അദ്ധ്യാപകരോടും സംസാരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും യൂണിയന്റെ ഭാഗം കേൾക്കാൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഈ വിഷയത്തിൽ വിശദമായ അന്വേഷണത്തിന് വിദ്യാഭ്യാസ അഡിഷണൽ ഡയറക്ടറെയും സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ,​ സീനിയർ സൂപ്രണ്ട് എന്നിവരെ ചുമതലപ്പെടുത്തണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.

യൂണി.കോളേജിൽ നിന്ന് വിടുതൽ വാങ്ങിയത് 187 പേർ

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 187 വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് വിടുതൽ വാങ്ങിപ്പോയെന്ന് മന്ത്രി കെ.ടി. ജലീൽ നിയമസഭയെ രേഖാമൂലം അറിയിച്ചു. മറ്റ് കോഴ്സുകൾക്ക് പ്രവേശനം ലഭിക്കുകയോ ജോലി കിട്ടുകയോ,​ വീട്ടിലെ സാഹചര്യങ്ങൾ കാരണമോ ആണ് ഇവർ ടി.സി വാങ്ങിപ്പോയത്. അതേസമയം ആത്മഹത്യാശ്രമത്തിന്റെ പശ്ചാത്തലത്തിൽ കോളേജ് യൂണിയൻ ഓഫീസ് മുറി പൂട്ടി താക്കോൽ പ്രിൻസിപ്പൽ സൂക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.