തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ നിന്ന് പിരിച്ചുവിട്ട എംപാനൽ ഡ്രൈവർമാർക്ക് അടുത്ത 179 ദിവസത്തേയ്ക്ക് ഇന്നു തന്നെ താത്കാലിക നിയമനം നൽകാൻ തീരുമാനം. ഗതാഗതസെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കെ.എസ.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥരുടെയോഗത്തിലാണ് തീരുമാനം. 2107 പേരെയാണ് 29 ന് പിരിച്ചുവിട്ടത്. ഇതിൽ 20 ശതമാനത്തോളം പേർ സ്ഥിരമായി ജോലിക്ക് ഹാജരാകാത്തവരാണ്. അഞ്ച്വർഷമോ അതിൽ കൂടുതലോ പ്രവൃത്തി പരിചയമുള്ളവരെ ദിവസവേതനത്തിന് നിയമിക്കാനാണ് നിർദേശം . ഇവർക്ക് ഡ്യൂട്ടി പാസ് നൽകില്ല. അതിനാൽ ബസിൽ യാത്രാസൗജന്യം ലഭിക്കില്ല. ജോലിക്ക് എത്തുന്നതിനും മടങ്ങുന്നതിനും ടിക്കറ്റ് എടുക്കേണ്ടിവരും.
സ്ഥിരനിയമനപ്രതീക്ഷയിൽ കഴിഞ്ഞവരാണ് എംപാനൽഡ് ഡ്രൈവർമാർ. ഇനിയുള്ള താത്കാലിക നിയമനങ്ങൾ സ്ഥിരപ്പെടുത്താനിടയില്ല. അതിനാൽ എം.പാനൽഡ് പട്ടികയിലുള്ളവരെല്ലാം ഇനി താത്കാലിക നിയമനം സ്വീകരിക്കാനിടയില്ല.
ഇന്നലെ റദ്ദാക്കിയത്
390 ബസുകൾ
ഡ്രൈവർക്ഷാമം കാരണം ബസ് വ്യാപകമായി മുടങ്ങുന്ന അവസ്ഥയലേക്ക് എത്തിയിട്ടില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിഗമനം. പ്രതിദിനം 600-800 ഷെഡ്യൂളുകൾ മുമ്പും മുടങ്ങിയിരുന്നു. നിലവിലെ റദ്ദാക്കലിൽ 15 ശതമാനം മാത്രമാണ് ഡ്രൈവർക്ഷാമം കാരണമുള്ളത്. വരുമാനം കുറവുള്ള ഷെഡ്യൂളുകളാണ് റദ്ദാക്കുന്നത്. ഡ്രൈവർമാരുടെ കുറവ് കാരണം തിങ്കളാഴ്ച 390 ബസുകൾ റദ്ദാക്കിയിട്ടുണ്ട്. ഇതിൽ 293 എണ്ണം തെക്കൻ മേഖലയിലാണ്. മദ്ധ്യമേഖലയിൽ 28 ഉം വടക്കൻമേഖലയിൽ 69 ഉം സർവീസുകൾ റദ്ദാക്കിയതായി കെ.എസ്.ആർ.ടി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു