medcal-college

തിരുവനന്തപുരം: എൻട്രൻസ് കമ്മിഷണർ ഓപ്ഷൻ സ്വീകരിച്ച സാഹചര്യത്തിൽ , ഇക്കൊല്ലം അനുമതി നിഷേധിച്ചിരുന്ന എട്ട് മെഡിക്കൽ കോളേജുകൾക്ക് ആരോഗ്യസർലകലാശാല അഫിയിലേഷൻ നൽകിയേക്കും. ഇതിലൊന്ന് പട്ടികജാതി വകുപ്പിന്റെ പാലക്കാട്ടെ മെഡിക്കൽ കോളേജാണ്.

സർവകലാശാലയുടെ എതിർപ്പ് മറികടന്നാണ് 8 കോളേജുകളിലേക്കും ഓപ്ഷൻ വിളിച്ചത്. ഈ കോളേജുകളെ അലോട്ട്മെന്റിൽ ഉൾപ്പെടുത്തരുതെന്ന് ആരോഗ്യസർവകലാശാല ആവശ്യപ്പെട്ടിരുന്നതാണ്. എതിർപ്പ് തള്ളി സർക്കാർ നിർദേശപ്രകാരം ഇവരെ ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെടുത്തുകയായിരുന്നു. പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിനു പുറമെ, കണ്ണൂർ അഞ്ചരക്കണ്ടി, ഡി.എം. വയനാട്, പാലക്കാട് കരുണ, ശ്രീനാരായണ എറണാകുളം, അൽ അസർ തൊടുപുഴ, മൗണ്ട് സിയോൺ പത്തനംതിട്ട, എസ്.യു.ടി. തിരുവനന്തപുരം എന്നവയ്ക്കാണ് സർവകലാശാലയുടെ അഫിലേയഷനില്ലാത്തത്. ഈ കോളേജുകൾക്കെല്ലാം മെഡിക്കൽ കൗൺസിലിന്റെ അഫിലിയേഷൻ ലഭിച്ചിട്ടുണ്ട്. ചില കോളേജുകൾക്ക് മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം അഫിലിയേഷനുമുണ്ട്.

കൗൺസിലിന്റെ അനുമതി ലഭിച്ച കോളേജുകൾക്ക് പിന്നീട് സർവകലാശാലയുടെ അനുമതി കിട്ടാൻ പ്രയാസമുണ്ടാകില്ലെന്ന നിഗമനത്തിലാണ് ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്തിയത്. ജൂലായ് 15ന് സർവകലാശാലാ ഗവേണിംഗ് കൗൺസിൽ ചേരുന്നുണ്ട്. അതിനു മുൻപ് കുറവുകൾ പരിഹരിച്ചാൽ രണ്ടാം ഇൻസ്പെക്ഷൻ നടത്തി കോളേജുകൾക്ക് അഫിലിയേഷൻ നൽകുമെന്ന് സർവകലാശാല അറിയിച്ചു. 19 സ്വാശ്രയ കോളേജുകളിലേക്കാണ് എൻട്രൻസ് കമ്മിഷണർ ആദ്യ അലോട്ട്മെന്റ് നടത്തുന്നത്.