തിരുവനന്തപുരം : തലസ്ഥാനത്ത് കാറിൽ സഞ്ചരിച്ച വ്യാപാരിയെ ആക്രമിച്ച് 183.5 ഗ്രാം സ്വർണം കവർന്നവർക്കായി അന്വേഷണ സംഘം തമിഴ്നാട്ടിലും അന്വേഷണം നടത്തും. ഇന്നലെ വൈകിട്ടോടെ അതിർത്തി പ്രദേശങ്ങളിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തി. കവർച്ചാ സംഘത്തിന് കാർ ഏർപ്പാടാക്കി നൽകിയ തൃശൂരിലെ ചിലരെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അതിർത്തിക്ക് അപ്പുറത്തേക്ക് വ്യാപിപ്പിച്ചത്.

സംഭവം നടന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും പ്രതികളെ സംബന്ധിച്ച് കൃത്യമായ സൂചനകളില്ലാത്തത് പൊലീസിന് തലവേദനയാണ്. ബിജുവിന്റെ ബിസിനസ് കാര്യങ്ങൾ കൃത്യമായി അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് ഉറപ്പിക്കുന്നു. ഇത്തരത്തിൽ ആരെങ്കിലും തൃശൂരിലുള്ള കവർച്ചാസംഘത്തിന് ക്വട്ടേഷൻ നൽകിയതാണോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

സ്വർണവ്യാപാരിയായ ബിജു ഒരു വർഷത്തിലേറെയായി എല്ലാ തിങ്കളും വെള്ളിയും തൃശൂരിൽ നിന്ന് സ്വർണം വാങ്ങുന്നുണ്ട്. പിറ്റേന്ന് പുലർച്ചെ എഗ്മോർ എക്സ്‌പ്രസിൽ തമ്പാനൂരിലെത്തി സ്വന്തം കാറിൽ വീട്ടിലേക്ക് പോകുന്നതാണ് പതിവ്. ഇത് കൃത്യമായി നിരീക്ഷിച്ച ശേഷമാണ് കവർച്ച നടത്തിയത്.

ശനിയാഴ്ച പുലർച്ചെ തിരുവനന്തപുരം ശ്രീവരാഹത്ത് വച്ചായിരുന്നു ആക്രമിച്ച് കവർച്ച നടത്തിയത്. കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനം അന്ന് നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഖത്തറിൽ ജോലിയുള്ള കോട്ടയം സ്വദേശിയുടേതാണ് ഈ വാഹനം. ഇയാൾ രണ്ട് വർഷം മുൻപ് വിറ്റതാണെന്നും പറയുന്നു. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ പ്രതാപൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.