kesari

തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് ഒരുകാലത്തുമില്ലാത്ത ജീർണത ബാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2017ലെ സ്വദേശാഭിമാനി - കേസരി പുരസ്‌കാരം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെട്ടിലും മട്ടിലും മാത്രം പോരാ, ഉള്ളടക്കത്തിലും മാദ്ധ്യമങ്ങൾ പുരോഗതി കൈവരിക്കണം. ഇന്നത്തെ മാദ്ധ്യമപ്രവർത്തനം നമുക്ക് മനസിലാക്കാനോ ഉൾക്കൊള്ളാനോ കഴിയാത്ത രീതിയിലേക്ക് മാറിയിരിക്കുന്നു. അധികാര സംവിധാനത്തിന് ആവശ്യമായത് നിർവഹിച്ചു നൽകുന്ന ഉപാധിയായി മാദ്ധ്യമ പ്രവർത്തനത്തെ ഒരുവിഭാഗം തരംതാഴ്‌ത്തി. സ്വമേധയോ,​ ഭീതി കൊണ്ടോ,​ വർഗീയ താത്പര്യത്തിനോ,​ കോർപറേറ്റ് താത്പര്യത്തിനോ വിധേയപ്പെടാനുള്ള വ്യഗ്രത മാദ്ധ്യമങ്ങൾക്കിടയിൽ കൂടിവരുന്നു.

2017ലെ മാദ്ധ്യമ പുരസ്കാരങ്ങളും 2018ലെ ഫോട്ടോഗ്രഫി പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ, വീണാ ജോർജ് എം.എൽ.എ,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു,​ മേയർ വി.കെ. പ്രശാന്ത്,​ കേരള മീഡിയ അക്കാഡ‌മി ചെയർമാൻ ആർ.എസ്. ബാബു, പ്രഭാവർമ,​ ഡോ. സെബാസ്റ്റ്യൻ പോൾ തുടങ്ങിയവ‌ർ പങ്കെടുത്തു. പി.ആർ.ഡി സെക്രട്ടറി പി. വേണുഗോപാൽ സ്വാഗതവും ഡയറക്ടർ ഇൻ ചാർജ് കെ. സന്തോഷ്‌കുമാർ നന്ദിയും പറഞ്ഞു.