photo

നെടുമങ്ങാട് : സ്വൈര്യ ജീവിതത്തിന് തടസം നിന്ന പതിനാറുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊന്ന് കിണറ്റിൽ തള്ളിയ കേസിൽ റിമാൻഡിലായിരുന്ന അമ്മയെയും കാമുകനെയും വിശദമായ തെളിവെടുപ്പിനു വേണ്ടി കോടതി ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥരായ നെടുമങ്ങാട് സി.ഐ രാജേഷ്‌കുമാറും എസ്.ഐ സുനിൽ ഗോപിയും കോടതിയിൽ നിന്ന് പ്രതികളുമായി പുറത്തേയ്ക്ക് വന്നപ്പോൾ രോഷാകുലരായ ജനക്കൂട്ടം മഞ്ജുഷയ്ക്ക് നേരെ അസഭ്യം വിളികളോടെ പാഞ്ഞടുത്തു. സ്ത്രീകളടക്കം കോടതി പരിസരത്ത് തടിച്ചു കൂടിയ ജനക്കൂട്ടത്തിൽ നിന്ന് ബലംപ്രയോഗിച്ചാണ് പൊലീസ് സംഘം മഞ്ജുഷയെ ജീപ്പിൽ കയറ്റിയത്. കൊലയ്ക്ക് ശേഷം ഇരുവരും ഒളിച്ചോടിപ്പോയ നാഗർകോവിലിൽ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. ഇവിടെ വാട്ടർ ടാങ്ക് റോഡിൽ വച്ചാണ് ഇരുവരും പിടിയിലായത്. മരിക്കും മുമ്പ് മീരയെ കിണറ്റിൽ ഉപേക്ഷിച്ചതായുള്ള സംശയമുള്ളതിനാൽ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ ഫോറൻസിക് വിദഗ്ദ്ധർ എന്നിവരിൽ നിന്നും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുമെന്ന് പൊലീസ് പറഞ്ഞു.

വെള്ളത്തിൽ വീണ ശേഷമാണോ മരിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ശ്വാസ കോശത്തിലോ ആമാശയത്തിലോ കിണറിലെ വെള്ളം കടന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കുകയാണ് പ്രധാനം. ഇതിനായാണ് ഡോക്ടർമാരെയും ഫോറൻസിക് വിദഗ്ദ്ധരെയും വീണ്ടും കാണുന്നത്.

കൊല ആസൂത്രണം ചെയ്തത് ആറു മാസം മുൻപ്

മകളെ കൊലപ്പെടുത്താൻ ആറുമാസം മുമ്പേ പദ്ധതി തയ്യാറാക്കിയിരുന്നതായാണ് പ്രതികൾ മൊഴി നൽകിയത്. അമ്മയും അനീഷും തമ്മിലുള്ള ബന്ധം അമ്മ പറഞ്ഞു ധരിപ്പിച്ച പ്രകാരമല്ലെന്നു മീരയ്ക്കു ബോദ്ധ്യമായത് ആറുമാസം മുമ്പാണ്. അന്നുമുതൽ അനീഷിന്റെ വീടുമായുള്ള ബന്ധത്തിനെതിരെ മീര പ്രശ്നമുണ്ടാക്കാൻ തുടങ്ങി. ഇതോടെ മകളുടെ ശല്യം അവസാനിപ്പിക്കാൻ മഞ്ജുഷ പദ്ധതിയൊരുക്കി. കഴുത്തു ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കാനായിരുന്നു പദ്ധതി. പലതവണ അതിനു തുനിഞ്ഞെങ്കിലും സാഹചര്യം അനുകൂലമാകാത്തതിനാൽ കഴിഞ്ഞില്ല. ഒടുവിലാണ് മഴയുള്ള രാത്രിയിൽ കഴുത്തുഞെരിച്ച് കൊന്നത്. അനീഷിനെ മുറിയിൽ കണ്ടതിനെ രൂക്ഷമായി ചോദ്യം ചെയ്ത മകളെ തല്ലുകയും വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. മഞ്ജുഷ ചുരിദാറിന്റെ ഷോൾ കൊണ്ടു കഴുത്തിൽ മുറുക്കി. കരഞ്ഞ് ഒച്ചവയ്ക്കാൻ ശ്രമിച്ചപ്പോൾ അനീഷ് വായ് പൊത്തിപ്പിടിച്ച ശേഷം കട്ടിലിലേക്കു തള്ളിയിട്ടു. പിന്നീട് കഴുത്തുഞെരിച്ചു. കുഴഞ്ഞുവീണ മീരയെ കട്ടിലിനു സമീപം കിടത്തി പുതപ്പു കൊണ്ടു മൂടി. അർദ്ധരാത്രിയോടെ മീരയെ അനീഷിന്റെ ബൈക്കിനു പിന്നിൽ വച്ച് കാരാന്തലയിലെ കിണറ്റിൽ തള്ളി.

മരിച്ച ശേഷം മകളെ മോശം നടപ്പുകാരിയായി ചിത്രീകരിക്കാനും മഞ്ജുഷ ശ്രമിച്ചു. തന്റെ അച്ഛനേയും അമ്മയേയും ഫോണിൽ വിളിച്ച് മീര കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതായും അവളെ തേടി പോകയാണെന്നും പറഞ്ഞിരുന്നു. മീരയുടെ കാമുകരായി ഒത്തിരിപ്പേരെ പൊലീസിനോടും മഞ്ജുഷ പറഞ്ഞു. ഇവരെല്ലാം നിരന്തരം മീരയെ വിളിക്കാറുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ,ആരോപണ വിധേയരായ യുവാക്കളുടേയും മീരയുടേയും ഫോണുകൾ പരിശോധിച്ചതിൽ നിന്ന് മഞ്ജുഷയുടെ ആരോപണം വ്യാജമാണെന്നു വ്യക്തമായതായി പൊലീസ് സൂചിപ്പിച്ചു. മഞ്ജുഷയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കൂട്ടുകാരികളും അദ്ധ്യാപകരും മഞ്ജുഷയുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.