road-blocked

ഉള്ളൂർ: ഉള്ളൂർ - മെഡിക്കൽ കോളേജ് റോഡിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലെ പ്രധാന പാത ട്രാഫിക് പൊലീസ് കയറുകെട്ടി അടച്ചതോടെ ഡയാലിസിസിന് എത്തുന്ന രോഗികൾ ദുരിതത്തിലായി. വാഹനങ്ങൾ റോഡ് മുറിച്ച് കടക്കാതിരിക്കാനാണ് പൊലീസ് പാത വളച്ച് കെട്ടിയത്. മെഡിക്കൽ കോളേജ് ജംഗ്ഷനിൽ നിന്ന് ആശുപത്രിക്കുള്ളിൽ പ്രവേശിച്ച് അമ്മയും കുഞ്ഞും പ്രതിമ ചുറ്റി സഞ്ചരിച്ചാൽ മാത്രമേ സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്കിൽ എത്തുകയുള്ളൂ. രണ്ട് കിലോമീറ്ററിലധികം ഇത്തരത്തിൽ ചുറ്റിത്തിരിയണം. ഇതുമൂലം രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്കിൽപ്പെട്ട് കൃത്യ സമയത്ത് ഡയാലിസിസിന് എത്താനും സാധിക്കുന്നില്ല. ഡയാലിസിസിനായി ദിനവും അനവധിപേരാണ് സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിൽ എത്തുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾ ആട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത്. അധിക സാമ്പത്തിക ബാദ്ധ്യതയാണ് ഇതുമൂലം ഉണ്ടാകുന്നത്. വിവിധ കോണുകളിൽ നിന്ന് പരാതി ഉയർന്നെങ്കിലും വഴി തുറന്നുകൊടുക്കാൻ യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. സ്ഥലം എം.എൽ.എയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന് മുന്നിലെ റോഡും ഉള്ളൂ‌ർ-നീരാഴി ലെയ്നിനുമുന്നിലെ റോഡും അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്നാണ് ട്രാഫിക് പൊലീസ് പറയുന്നത്.

ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കാതെയാണ് പൊലീസ് തലതിരിഞ്ഞ പരിഷ്കരണം നടപ്പിലാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഒരു ട്രാഫിക് പൊലീസിനെ നിയോഗിച്ചാൽ തീരുന്ന പ്രശ്നം മാത്രമാണിതെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം ഗതാഗത കുരുക്ക് ഒഴിവാക്കുവാനാണ് റോഡ് അടച്ചതെന്നാണ് പൊലീസ് പറയുന്നത്.

അധികം സഞ്ചരിക്കേണ്ടത് 2 കി.മീ

സാധരണക്കാരാണ് ഇത്തരം പരിഷ്കരണത്തിൽ വലയുന്നത്

നിത്യേനെ ആയിരക്കണക്കിന് രേഗികളാണ എത്തുന്നത്

ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് ഇത്തരം പരിഷ്കരണമെന്നാണ് പൊലീസിന്റെ വാദം

വാഹനങ്ങൾ റോഡ് മുറിച്ച് കടക്കാതിരിക്കാനാണ് പാത അടച്ചത്

വിവിധ കോണുകളിൽ നിന്ന് പരാതികൾ ഉയർന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല