news

തിരുവനന്തപുരം: താത്കാലിക ഫീസ് ഘടനയിൽ സർക്കാർ നടത്തുന്ന പ്രവേശന നടപടികളോട് സഹകരിക്കാൻ സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകൾ തീരുമാനിച്ചു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഫീസ് നിർണയം പൂർത്തിയാക്കാതെയുള്ള പ്രവേശന നടപടികൾക്കെതിരെ തൽക്കാലം കോടതിയെ സമീപിക്കില്ലെന്നും ചർച്ചക്കുശേഷം അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

പരമാവധി വേഗത്തിൽ ഫീസ് നിർണയം പൂർത്തിയാക്കാൻ പുനഃസംഘടിപ്പിച്ച ഫീ റഗുലേറ്ററി കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കുറഞ്ഞ ഫീസിൽ കോളേജ് നടത്തിക്കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ട് മന്ത്രിയെ ബോദ്ധ്യപ്പെടുത്തിയതായും ഭാരവാഹികൾ പറഞ്ഞു. ഫീസ് സംബന്ധിച്ച കാര്യങ്ങൾ ഫീ റഗുലേറ്ററി കമ്മിറ്റിയെ ബോദ്ധ്യപ്പെടുത്താൻ മന്ത്രി നിർദ്ദേശിച്ചു. തൃപ്തികരമായ ഫീസ് നിർണയം നടത്തിയില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ വർഷം ഈടാക്കിയ ഫീസ് താത്കാലിക ഫീസായി നിശ്ചയിച്ച സർക്കാർ ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിക്കുന്ന ഫീസ് നൽകാൻ ബാദ്ധ്യസ്ഥമാണെന്ന് വിദ്യാർത്ഥി ബോണ്ട് നൽകണമെന്ന വ്യവസ്ഥയോടെയാണ് പ്രവേശന നടപടികൾ ആരംഭിച്ചത്. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നായിരുന്നു മാനേജ്‌മെന്റുകൾ ആദ്യം നിലപാട് സ്വീകരിച്ചത്. എന്നാൽ പ്രവേശന നടപടികളുമായി സഹകരിക്കണമെന്നും ഫീസ് നിർണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഫീ റഗുലേറ്ററി കമ്മിറ്റി മുമ്പാകെ അവതരിപ്പിക്കാനുമായിരുന്നു ചർച്ചയിൽ മന്ത്രി മുന്നോട്ടുവച്ച നിർദ്ദേശം. 12 മുതൽ 18 ലക്ഷം വരെയുള്ള ഫീസ് നിർദ്ദേശം സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കേരളത്തിൽ 18 ലക്ഷം രൂപ വാങ്ങി മെഡിക്കൽ പ്രവേശനം നടത്തുന്ന സ്ഥാപനം ഉണ്ടെന്നും ഫീസ് നിർണയം സംബന്ധിച്ച് ഉത്തരവിറങ്ങിയ ശേഷം മാത്രമേ നിയമനടപടികളിലേക്ക് പോകൂവെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ചർച്ചയിൽ ആരോഗ്യ സെക്രട്ടറി രജാൻ ഖോബ്രഗഡെ, അസോസിയേഷൻ ഭാരവാഹികളായ ഡോ. കെ.എം. നവാസ്, അനിൽ കുമാർ വള്ളിൽ, കെ.എം മൂസ തുടങ്ങിയവർ പങ്കെടുത്തു.