meera-murder

നെടുമങ്ങാട്: പതിനാറു വയസിനിടയിൽ അവൾ എന്തൊക്കെ സ്വപ്നങ്ങൾ കണ്ടിരിക്കാം.ഒരു പൂമ്പാറ്റ കണക്കെ സ്‌കൂളിൽ കൂട്ടുകാർക്കൊപ്പം പാറി നടന്നിരുന്ന അവളുടെ ജീവിതാന്ത്യം ഇത്രത്തോളം ഭയാനകമായിരിക്കുമെന്ന് ആരും കരുതിയിരുന്നില്ല.''ടീച്ചറേ, അമ്മയ്ക്ക് ഞാനും എനിക്ക് അമ്മയും മാത്രമേയുള്ളു. ഞങ്ങൾക്ക് ആരെയും പേടിക്കാതെ ജീവിക്കണം''-ഒരിക്കൽ ക്ലാസ് ടീച്ചറോട് അവൾ ഉള്ളു തുറന്നു. നന്നായി പഠിച്ചാൽ മോൾക്ക് സർക്കാർ ജോലി കിട്ടുമല്ലോ. അപ്പോൾ സ്വന്തമായി വീടുവച്ച് അമ്മയ്ക്കൊപ്പം സന്തോഷത്തോടെ ജീവിക്കാം. ടീച്ചറുടെ സമാശ്വാസത്തിൽ നിന്ന് ഊർജം കൊണ്ടത് പോലെ സങ്കടമകന്ന് ഉടനെ കൂട്ടുകാർക്കൊപ്പം ഉല്ലാസത്തിലേർപ്പെടും. ഊണിലും ഉറക്കത്തിലും അമ്മയെ മാത്രം നിനച്ച്,അമ്മയുടെ അരികെ പൊന്നുമോളായി എന്നും വാഴാൻ കൊതിച്ച ആ പെൺപൂവിനെ പെറ്റമ്മതന്നെ തന്റെ ജാരനൊപ്പം ചേർന്ന് ജീവനെടുത്ത് വഴിവക്കിലെ കിണറ്റിലെറിഞ്ഞ സംഭവം മനസ് മരവിക്കാത്തവരുടെയെല്ലാം കണ്ണുകളെ ഈറനണിയിച്ചു.

നെടുമങ്ങാട് നഗരസഭയിലെ കാരാന്തല കുരിശടി മുക്കിലെ കിണറ്റിൽ പൊലിഞ്ഞുപോയ മീരയുടെ ദുരന്തകഥ മറ്റൊരു പെൺകുട്ടിക്ക് കൂടി സംഭവിക്കാൻ പാടില്ല. എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ചതിന്റെ ആഹ്ലാദത്തിനിടയിരുന്നു മീര കൊല്ലപ്പെട്ടത്.അമ്മ മഞ്ജുഷയ്ക്കൊപ്പം തെക്കുംകര പറണ്ടോട്ടെ വാടകവീട്ടിൽ താമസം ആരംഭിച്ചിട്ട് ഒരു മാസം പിന്നിടുന്നതേയുള്ളു. മഞ്ച പേരുമല സ്വദേശിനിയായ മഞ്ജുഷയുടെ ആദ്യഭർത്താവിലുള്ള കുട്ടിയാണ് മീര.17 കൊല്ലത്തെ ദാമ്പത്യത്തിനൊടുവിൽ മഞ്ജുഷയെ ഭർത്താവ് ഉപേക്ഷിച്ചു പോയി.ഭാര്യ മരിച്ച കാരാന്തല സ്വദേശിയായ ഒരു കർഷകനുമായി മഞ്ജുഷയുടെ രണ്ടാം വിവാഹം. ആ ബന്ധത്തിന് ഒരു വർഷത്തെ ആയുസ് പോലും ഉണ്ടായില്ല. ഇതിനിടയിലേക്ക് പറണ്ടോട് നിന്ന് നാല് കി.മീറ്റർ മാറിയുള്ള കാരാന്തല കുരിശടി ജംഗ്‌ഷനിലെ പരേതനായ ചന്ദ്രന്റെ ഇളയ മകൻ അനീഷ് കടന്നുവന്നു. കെട്ടിട നിർമ്മാണ തൊഴിലാളിയായ അനീഷ് അവിവാഹിതനാണ്.

ഇയാൾ ഇടപെട്ടാണ് മഞ്ജുഷയെയും മകളെയും വാടക വീട്ടിലേയ്ക്ക് മാറ്റി പാർപ്പിച്ചത്. അനീഷും മഞ്ജുഷയും വാടക വീട്ടിൽ മിക്കപ്പോഴും ഒരുമിച്ചായിരുന്നു. അമ്മയും അനീഷും തമ്മിലുള്ള ബന്ധം, അമ്മ പറഞ്ഞു ധരിപ്പിച്ച പ്രകാരമല്ലെന്നു മീരയ്ക്കു ബോദ്ധ്യമായത് ആറുമാസം മുമ്പാണ്. അന്നുമുതൽ അനീഷുമായുള്ള ബന്ധത്തിനെതിരെ മീര പ്രശ്നമുണ്ടാക്കാൻ തുടങ്ങി. ഇതോടെ മകളുടെ ശല്യം അവസാനിപ്പിക്കാൻ മഞ്ജുഷ പദ്ധതിയൊരുക്കി. കഴുത്തു ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കാനായിരുന്നു പദ്ധതി. പലതവണ അതിനു തുനിഞ്ഞെങ്കിലും സാഹചര്യം അനുകൂലമാകാത്തതിനാൽ കഴിഞ്ഞില്ല. ഒടുവിലാണ് മഴയുള്ള രാത്രിയിൽ കഴുത്തുഞെരിച്ച് കൊന്നത്. അനീഷിനെ അമ്മയുടെ മുറിയിൽ കണ്ടതിനെ രൂക്ഷമായി ചോദ്യം ചെയ്ത മകളെ തല്ലുകയും വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. മഞ്ജുഷ ചുരിദാറിന്റെ ഷോൾ കൊണ്ടു കഴുത്തിൽ മുറുക്കി. കരഞ്ഞ് ഒച്ചവയ്ക്കാൻ ശ്രമിച്ചപ്പോൾ അനീഷ് വായ് പൊത്തിപ്പിടിച്ച ശേഷം കട്ടിലിലേക്കു തള്ളിയിട്ടു. പിന്നീട് കഴുത്തുഞെരിച്ചു. കുഴഞ്ഞുവീണ മീരയെ കട്ടിലിനു സമീപം കിടത്തി പുതപ്പു കൊണ്ടു മൂടി.അർദ്ധരാത്രിയോടെ അനീഷിന്റെ ബൈക്കിനു പിന്നിൽ വച്ച് മീരയെ കാരാന്തലയിലെ കിണറ്റിൽ തള്ളി. മരിച്ച ശേഷം മകളെ മോശം നടപ്പുകാരിയായി ചിത്രീകരിക്കാനും മഞ്ജുഷ ശ്രമിച്ചു.പേരുമലയിലെ കുടുംബ വീട്ടിൽ താമസിക്കുന്ന തന്റെ അച്ഛനേയും അമ്മയേയും ഫോണിൽ വിളിച്ച് മീര കാമുകന്റെ കൂടെ ഒളിച്ചോടിപ്പോയതായും അവളെ തേടി പോകയാണെന്നും പറഞ്ഞിരുന്നു. എന്നാൽ, മഞ്ജുഷയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കൂട്ടുകാരികളും അദ്ധ്യാപകരും മഞ്ജുഷയുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

സ്നേഹത്തിനായി കൊതിച്ചു

കരിപ്പൂര് ഗവ. ഹൈസ്‌കൂളിലെ സഹപാഠികൾക്കും അദ്ധ്യാപകർക്കും മീരയുടെ ദാരുണാന്ത്യം താങ്ങാൻ കഴിയുന്നില്ല. കൂട്ടുകാർക്കൊപ്പം ഉല്ലസിക്കാനും യുവജനോത്സവ വേദികളിൽ നൃത്ത ഇനങ്ങളിൽ മത്സരിക്കാനും മുന്നിൽ നിൽക്കുന്ന മീരയുടെ പിഞ്ചു മുഖം ക്ലാസ് ടീച്ചർ വി.എസ് ബിന്ദുവിന്റെ ഉള്ളിൽ നിന്ന് മായുന്നില്ല. അമ്മയും രണ്ടാനച്ഛനും തമ്മിലുള്ള വഴക്കിടീലിനെയും സ്വന്തമായി ഒരു വീട് ഇല്ലാത്തതിനെയും കുറിച്ച് എപ്പോഴും സങ്കടമായിരുന്നു.സ്നേഹം പങ്കുവെച്ച അദ്ധ്യാപകരുടെ പിൻബലമാണ് തകിടംമറിഞ്ഞ ജീവിത സാഹചര്യങ്ങൾക്ക് നടുവിലും പത്താംതരം ആദ്യതവണ തന്നെ പാസാകാൻ അവളെ പ്രാപ്തയാക്കിയത്.

തെറിപ്പൂരം

റിമാൻഡിലായിരുന്ന മഞ്ജുഷയെയും കാമുകൻ അനീഷിനെയും വിശദമായ തെളിവെടുപ്പിനു വേണ്ടി കോടതി ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണ ഉദ്യോഗസ്ഥരായ നെടുമങ്ങാട് സി.ഐ രാജേഷ്‌കുമാറും എസ്.ഐ സുനിൽ ഗോപിയും കോടതിയിൽ നിന്ന് പ്രതികളുമായി പുറത്തേയ്ക്ക് വന്നപ്പോൾ രോഷാകുലരായ ജനക്കൂട്ടം ഇന്നലെ മഞ്ജുഷയ്ക്ക് നേരെ അസഭ്യം വിളികളോടെ പാഞ്ഞടുത്തു. സ്ത്രീകളടക്കം കോടതി പരിസരത്ത് തടിച്ചു കൂടിയ ജനക്കൂട്ടത്തിൽ നിന്ന് ബലംപ്രയോഗിച്ചാണ് പൊലീസ് സംഘം മഞ്ജുഷയെ ജീപ്പിൽ കയറ്റിയത്. കൊലയ്ക്ക് ശേഷം ഇരുവരും ഒളിച്ചോടിപ്പോയ നാഗർകോവിലിലാണ് ആദ്യം തെളിവെടുപ്പിന് എത്തിക്കുക. ഇവിടെ വാട്ടർ ടാങ്ക് റോഡിൽ വച്ചാണ് ഇരുവരും പൊലീസ് പിടിയിലായത്.

മരിക്കുംമുമ്പ് മീരയെ കിണറ്റിൽ ഉപേക്ഷിച്ചതായി സംശയമുള്ളതിനാൽ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ ഫോറൻസിക് വിദഗ്ദ്ധർ എന്നിവരിൽ നിന്ന് കൂടുതൽ വ്യക്തത വരുത്തുമെന്ന് പൊലീസ് പറഞ്ഞു. ശ്വാസ കോശത്തിലോ ആമാശയത്തിലോ കിണറിലെ വെള്ളം കടന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കുകയാണ് പ്രധാനം. ഇതിനായി ഡോക്ടർമാരെയും ഫോറൻസിക് വിദഗ്ദ്ധരെയും വീണ്ടും അന്വേഷണ സംഘം കാണും.