ആലുവ: നാല് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന ആലുവയിലെ പാചകവാതക ഏജൻസിയുടെ ലൈസൻസ് പുതുക്കി നൽകാതെ വീരമൃത്യു വരിച്ച ജവാന്റെ ഭാര്യയെ നഗരസഭാ അധികൃതർ പീഡിപ്പിക്കുന്നു. പറവൂർ കവലയിൽ പ്രവർത്തിക്കുന്ന ബിന്ദു ഗ്യാസ് ഏജൻസി ഉടമ മാധുരി ബോസിനോടാണ് ആലുവ നഗരസഭയുടെ ക്രൂരത. പട്ടാളത്തിൽ ക്യാപ്ടനായിരുന്ന തോട്ടയ്ക്കാട്ടുകര പാലേക്കുടി വീട്ടിൽ പി.ഇ.സി. ബോസ് ബംഗ്ളാദേശുമായുണ്ടായ ഏറ്റുമുട്ടലിൽ 1974 ലാണ് വീരമൃത്യു വരിച്ചത്. തുടർന്ന് 1975ലാണ് മാധുരി ബോസ് പാചക വാതക ഏജൻസി ആരംഭിച്ചത്. അക്കാലത്ത് നെൽകൃഷി നടത്തിയിരുന്ന സ്ഥലത്തായിരുന്നു ഗോഡൗൺ. അതേസ്ഥലത്ത് തന്നെയാണ് ഇന്നും ഗോഡൗൺ. സമീപത്തെ കൃഷിഭൂമിയെല്ലാം നികത്തി പിന്നീട് വീടു നിർമ്മിച്ചവരിൽ ചിലരുടെ പരാതിയിലാണ് ഇപ്പോഴത്തെ നഗരസഭയുടെ നടപടി. എന്നാൽ യഥാർത്ഥ കാരണം അതൊന്നുമല്ലെന്ന് മാധുരി ബോസ് പറയുന്നു.
പാചക വാതക വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് സി.ഐ.ടി.യു അംഗങ്ങളായ അഞ്ച് തൊഴിലാളികളെ ഒരു വർഷം മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ കേസുമുണ്ട്. ഇതിന്റെ പ്രതികാരമായാണ് ലൈസൻസ് പുതുക്കി നൽകാത്തതിന് പിന്നിലെന്നാണ് ആരോപണം. അടുത്തിടെ എൽ.ഡി.എഫ് നടത്തിയ ഹർത്താലിൽ ഏജൻസിക്ക് നേരെ അക്രമണവും നടന്നിരുന്നു. ഈ കേസും നിലവിലുണ്ട്. സസ്‌പെൻഷനിലായ തൊഴിലാളികൾ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ലൈസൻസ് പുതുക്കാതിരിക്കാൻ ചരടുവലിക്കുന്നത് എന്നാണ് ആക്ഷേപം.
മാധുരി ബോസിന് നഗരസഭയുമായോ രാഷ്ട്രീയക്കാരുമായോ കൂടുതൽ അടുപ്പമൊന്നുമില്ല. ഇതിന്റെ പേരിൽ കോൺഗ്രസ് ഭരിക്കുന്ന നഗരസഭയും സി.ഐ.ടി.യു - സി.പി.എം താത്പര്യത്തിന് കൂട്ടുനിൽക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ ലൈസൻസ് പുതുക്കുന്നതിനുള്ള പണം സ്വീകരിച്ച നഗരസഭ പിന്നീട് കൂടുതൽ രേഖകൾ ആവശ്യപ്പെടുകയായിരുന്നു. പൊല്യൂഷൻ കൺട്രോളർ ബോർഡ്, എക്‌സ്‌പ്ളോസീവ് എൻ.ഒ.സികൾ മാത്രമാണ് ഹാജരാക്കേണ്ടത്. ഇതുരണ്ടും ഹാജരാക്കിയപ്പോൾ ഇക്കുറി ഫയർ എൻ.ഒ.സിയും ആവശ്യപ്പെട്ടു. ഇതിനെതിരെ മാധുരി ബോസ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടയിൽ സെക്രട്ടറിയെ കാണാനെത്തിയ മാധുരിയുടെ മരുമകൻ സുനിലിനോട് കേസ് പിൻവലിച്ച ശേഷം ലൈസൻസ് നൽകുന്നത് ആലോചിക്കാമെന്ന മറുപടിയാണ് സെക്രട്ടറി നൽകിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കേസെടുക്കാതെ പൊലീസ്
ജീവനക്കാരനെ തടഞ്ഞുനിറുത്തി മർദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പരാതി നൽകി രണ്ടാഴ്ച പിന്നിട്ടിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് ബിന്ദു ഗ്യാസ് ഏജൻസി ഉടമ മാധുരി ബോസ് പറയുന്നു. ഏജൻസിയിലെ പാചക വാതക വിതരണക്കാരൻ ഷിഹാബുദ്ദീനെയാണ് സമീപത്തെ ഇരുചക്ര വാഹന വർക്ക്‌ഷോപ്പ് ഉടമയായ വിനോദ് എന്നയാൾ തടഞ്ഞുനിർത്തി മർദ്ദിച്ചത്. കഴിഞ്ഞ 13ന് ആലുവ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ഏജൻസിയിലെ അഞ്ച് വാഹനത്തിലെ ഡീസൽ ടാങ്കിൽ മണ്ണെണ്ണ നിറച്ചു. രണ്ട് വാഹനങ്ങൾ ഓട്ടത്തിൽ ബ്രേക്ക് ഡൗൺ ആയപ്പോഴാണ് ടാങ്കിൽ മണ്ണെണ്ണ നിറച്ചത് അറിയുന്നത്. തുടർന്ന് മറ്റു വാഹനങ്ങളിലും മണ്ണെണ്ണ നിറച്ചതായി ബോധ്യമായി. അറ്റകുറ്റപ്പണിക്ക് മാത്രം 1.50 ലക്ഷത്തോളം രൂപ ചെലവായി. ഈ കേസിലും പൊലീസ് കുറ്റക്കാരെ പിടികൂടുന്നില്ല. കാമറ സ്ഥാപിക്കാൻ നിർദ്ദേശിക്കുക മാത്രമാണുണ്ടായതെന്ന് മാധുരി ബോസ് പറയുന്നു.
മർച്ചന്റ്‌സ് അസോസിയേഷൻ സമരത്തിന്
ആലുവ: ആലുവ നഗരസഭാ ഭരണം കച്ചവടക്കാരെയും സാധാരണക്കാരെയും ദ്രോഹിക്കുന്ന വിധം മാഫിയയുടെ പിടിയിലാണെന്ന് ആലുവ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് നസീർ ബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ് എന്നിവർ ആരോപിച്ചു. ബാങ്ക് കവലയിൽ രണ്ട് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾക്ക് ഇക്കുറി ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. ഇതിന് പിന്നിൽ ഒരു വിഭാഗം കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രവർത്തിക്കുന്നത്. നാളെ ചേരുന്ന അസോസിയേഷൻ യോഗം നഗരസഭ ഭരണത്തിനെതിരായ അനിശ്ചിതകാല സമരത്തിന് രൂപം നൽകുമെന്നും ഇരുവരും പറഞ്ഞു.