കണ്ണൂർ: ഇടക്കാലത്തെ സമാധാനാന്തരീക്ഷത്തിന് മുറിവേൽപ്പിച്ച് ജില്ലയിൽ വീണ്ടും അക്രമങ്ങൾക്ക് അണിയറയിൽ തയ്യാറെടുപ്പ് നടക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. അതീവ ജാഗ്രതയോടെയാണ് പൊലീസ് ഈ മുന്നറിയിപ്പിനെ നോക്കിക്കാണുന്നത്. കടുത്ത വിമർശനങ്ങളാൽ സി.പി.എമ്മിൽ അകവും പുറവും നീറിപ്പുകയുകയാണ്. ഈ സാഹചര്യത്തെ മുതലെടുക്കുന്ന ശക്തികൾ രംഗത്തെത്താമെന്നാണ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തിയിട്ടുള്ളത്.
പാർട്ടിക്കെതിരെ ഉയരുന്ന വിമർശനങ്ങളും പ്രതിസന്ധികളും അണികളെ വല്ലാതെ നിരാശരാക്കിയിട്ടുണ്ട്. പാർട്ടി നേതൃത്വത്തെപ്പോലും വെല്ലുവിളിക്കും വിധം ക്രിമിനൽ സംഘങ്ങൾ വളർന്നു വന്നത് സംഘടനാപരമായി തന്നെ സി.പി.എമ്മിനെ വലയ്ക്കുന്നുണ്ട്. ഇത്തരം സംഘങ്ങൾ എതിരാളികൾക്കുമുണ്ട്. ക്രിമിനൽ സംഘങ്ങൾ ജയിലിനകത്ത് പോലും നടത്തുന്ന അരുതാത്ത കാര്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്ന് കൊണ്ടിരിക്കുകയാണ്. മുൻകാല അനുഭവങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് രഹസ്യാന്വേഷണ വിഭാഗം പൊലീസ് ആസ്ഥാനത്തേക്ക് മുന്നറിയിപ്പ് നൽകിയിട്ടുള്ളതെന്നറിയുന്നു.