peerumedu-custodial-death

കോട്ടയം: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ മർദ്ദനത്തിന് ഇരയായി രാജ്കുമാർ മരിച്ച സംഭവം പുതിയ വഴിത്തിരിവിലേക്കോ? പിടിയിലാകുന്നതിനു മുമ്പ് ചിട്ടിക്കമ്പനിയുടെ പേരിൽ രാജ്‌കുമാർ പിരിച്ചെടുത്ത ഒരു കോടിയിലധികം രൂപ വാങ്ങിയത് സി.പി.എമ്മിലെ ഒരു നേതാവാണെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. ജില്ലാ പൊലീസ് മേധാവിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് ഈ നേതാവെന്നും അറിയുന്നു. സാമ്പത്തിക തട്ടിപ്പുകേസിൽ പിടിയിലാകുന്നതിന് തലേദിവസം പലപ്രാവശ്യം ഈ നേതാവിനെ മൊബൈൽഫോണിൽ വിളിച്ച് രക്ഷിക്കണമെന്ന് രാജ്കുമാർ അപേക്ഷിച്ചിരുന്നു.

ഒരു ലക്ഷം രൂപ വായ്പ തരാമെന്ന് പറഞ്ഞാണ് ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ അയ്യായിരത്തോളം പേരിൽ നിന്ന് പ്രോസസിംഗ് ഫീസായി 1000 രൂപ വീതം രാജ്കുമാർ വാങ്ങിയത്. ലോൺ കിട്ടാതായതോടെ ആളുകൾ രാജ്കുമാറിന്റെ തൂക്കുപാലത്തെ വീട്ടിൽ എത്തി ബഹളം വച്ചതോടെ അവരുടെ മുമ്പിൽവച്ച് ആരെയോ ഫോണിൽ വിളിച്ചിരുന്നു. ''നല്കിയ പണം ഉടൻ തിരിച്ചുകിട്ടണം, ഇനിയും ഇങ്ങനെ നീട്ടിക്കൊണ്ടു പോകരുതേ. ഞാൻ അകത്താവും, സർ, പ്ലീസ്'' എന്നു പറഞ്ഞിരുന്നതായി തട്ടിപ്പിനിരയായ ചിലർ മൊഴിനൽകിയിട്ടുണ്ട്.

രാജ്കുമാറിന്റെ മൊബൈൽ ഫോൺ പരിശോധിച്ചാൽ ഈ നേതാവിനെ കണ്ടെത്താൻ പൊലീസിന് നിഷ്പ്രയാസം സാധിക്കുമെങ്കിലും അതിന് ഇതുവരെ പൊലീസ് തുനിഞ്ഞിട്ടില്ല എന്നത് സംശയങ്ങൾക്ക് ഇടയാക്കുന്നു. ഇതോടെ പൊലീസ് ഉന്നതന്റെ ഇടപെടലും സംശയ നിഴലിലാണ്. പലപ്പോഴായി ഒരു കോടിയോളം രൂപ വാങ്ങിയ നേതാവിനെക്കുറിച്ച് അന്വേഷിക്കാതെ 60 ലക്ഷം രൂപ വട്ടിപ്പലിശയ്ക്ക് വാങ്ങിയവരെ മാത്രം കേന്ദ്രീകരിച്ച് പൊലീസ് നീങ്ങുന്നതും സംശയങ്ങൾക്കിടയാക്കുന്നുണ്ട്. വട്ടിപ്പലിശയ്ക്ക് നല്കിയവരുടെ ലിസ്റ്റുമായി നെടുങ്കണ്ടം പൊലീസ് രാജ്കുമാറിനെയും കൊണ്ട് തെളിവെടുപ്പിന് പല സ്ഥലങ്ങളിലും പോയിരുന്നെങ്കിലും കണ്ടെത്തിയത് 72,500 രൂപ മാത്രമായിരുന്നു.

ഹരിത ഫിനാൻസിൽ എത്തിയിരുന്ന പണം ദിവസവും വൈകുന്നേരം കുമളിയിലെത്തിച്ച് ആർക്കോ കൈമാറിയിരുന്നതായി സ്ഥാപനത്തിലെ കളക്ഷൻ ഏജന്റായിരുന്ന സുമ ദിലീപ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആർക്കാണ് പണം കൈമാറിയതെന്ന് സുമയ്ക്ക് അറിയില്ല. കുമളിയിലെ ഒരു ചിട്ടിക്കമ്പനിയിൽ പണം നിക്ഷേപിക്കുകയാണെന്ന് ഒരിക്കൽ രാജ്കുമാർ ഓഫീസിൽ പറഞ്ഞിരുന്നതായി സുമ പറയുന്നു. രാജ്കുമാറിന്റെ കാറിലാണ് പണം കൊണ്ടുപോയിരുന്നത്. ഹരിത ഫിനാൻസിലെ മാനേജർ അറസ്റ്റിലായ മഞ്ജുവിന്റെ ഭർത്താവ് അജിമോനാണ് രാജ്കുമാറിനെ കാറിൽ കൊണ്ടുപോയിരുന്നത്. അജിമോനെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരുമെന്നാണ് പറയപ്പെടുന്നത്.