തിരുവനന്തപുരം: നെടുമങ്ങാട് പതിനാറുകാരിയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മാതാവ് മഞ്ജുഷയേയും അവരുടെ കാമുകൻ അനീഷിനെയും തെളിവെടുപ്പിനും കൂടുതൽ അന്വേഷണത്തിനുമായി തമിഴ്നാട്ടിലെ നാഗർകോവിലേക്ക് കൊണ്ടുപോയി. കൊലപാതകത്തിന് ശേഷം ഇവർ ഒളിവിൽ കഴിഞ്ഞ ഹോട്ടലുകളിലും മറ്റ് സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുക്കുകയാണ് ഉദ്ദേശം. കൊലപാതകം നടത്തി നാടുവിടുന്നതിനുള്ള പണത്തിനായി അനീഷ് ആഭരണങ്ങൾ പണയപ്പെടുത്തിയ സ്ഥലത്തും പൊലീസെത്തും. നെടുമങ്ങാട് സി.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ്. തമിഴ്നാട്ടിൽ നിന്ന് തിരിച്ചെത്തിയശേഷം അനീഷിന്റെ വീട്ടിലും അന്വേഷണ സംഘം ഇവരെ എത്തിക്കും. കൊലപാതകത്തിനുപയോഗിച്ച ഷാൾ കണ്ടെത്താനാണിത്. ആറുദിവസത്തേക്കാണ് കോടതി ഇവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുത്തിരിക്കുന്നത്.