തിരുവനന്തപുരം: അമ്മ മരിച്ചതിന്റെ നാലാം ദിവസം മകനെ വീട്ടിനുള്ളിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട മരപ്പാലം എക്‌സൈസ് ഓഫീസിന് സമീപം ഹൗസ് നമ്പർ 234ൽ രാധാകൃഷ്ണനാണ് (56) മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. രാധാകൃഷ്ണന്റെ അമ്മ രാധമ്മ നാല് ദിവസം മുമ്പ് മരിച്ചിരുന്നു. ആട്ടോ ഡ്രൈവറായ രാധാകൃഷ്ണൻ സഹോദരിക്കൊപ്പമായിരുന്നു താമസം. അമ്മ മരിച്ചതിന്റെ വിഷമത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.