മരണമടഞ്ഞ പൂച്ചകളുടെ ശവകുടീരങ്ങൾ.. പൂച്ചകളുടെ സ്‌മാരകങ്ങൾ.. പൂച്ചകളുടെ ദേവാലയങ്ങൾ.. പൂച്ചയുടെ രൂപത്തിൽ നിർമിച്ച കെട്ടിടങ്ങൾ.. മൊത്തത്തിൽ പൂച്ച മയം! ഇതാണ് ജപ്പാനിലെ ഇഷിനോമാകി പ്രവശ്യയിലുള്ള 'പൂച്ച ദ്വീപ് ' എന്നറിയപ്പെടുന്ന 'ടാഷിറോജിമ' എന്ന കുഞ്ഞൻ ദ്വീപ്. ടാഷിറോജിമയുടെ ഭാഗ്യം പൂച്ചകളാണ്! ദ്വീപിൽ ജനസംഖ്യയുടെ ആറിരട്ടിയിലേറെ പൂച്ചകളാണ്. ഏകദേശം 100 പേർ മാത്രമാണ് ഇവിടുള്ളത്. ഇവരിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്. അതേസമയം ഇവിടത്തെ പൂച്ചകളാകട്ടെ 600 ലേറെയും.
18 - 19 നൂറ്റാണ്ടുകളിലാണ് ടാഷിറോജിമ ദ്വീപിലേക്ക് പൂച്ചകൾ രംഗപ്രവേശം ചെയ്യുന്നത്. ദ്വീപ് നിവാസികൾ അന്ന് വസ്ത്ര നിർമാണത്തിനായി പട്ടുനൂൽ കൃഷി നടത്തിയിരുന്നു. പട്ടുനൂൽപ്പുഴുക്കളെ അകത്താക്കാൻ വരുന്ന എലികളെ വകവരുത്താൻ അവർ പൂച്ചകളെ വ്യാപകമായി ഉപയോഗിച്ച് തുടങ്ങി.
ദ്വീപിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്നവർ പൂച്ചകൾക്ക് ഭക്ഷിക്കാൻ ആവശ്യാനുസരണം മത്സ്യങ്ങളും നൽകിയിരുന്നു. പ്രകൃതിയിൽ കാര്യമായ എതിരാളികൾ ആരും തന്നെ ഇല്ലാത്തതിനാൽ ഇവയുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. പൂച്ചകളെ തങ്ങളുടെ എല്ലാ ഐശ്വര്യത്തിന്റെയും ഭാഗമായി കണ്ട് ആരാധിക്കാൻ തുടങ്ങിയ ദ്വീപ് നിവാസികൾ പൂച്ചകൾക്കായി ദേവാലയങ്ങൾ പണിതു. പൂച്ചപ്രേമികളായ ടൂറിസ്റ്റുകൾ ഏറെ ഇഷ്‌ടപ്പെടുന്ന സ്ഥലമാണ് ടാഷിറോജിമ. പൂച്ചകളുടെ മാതൃകയിൽ നിർമിച്ച ചെറു ക്യാബിനുകളിൽ ടൂറിസ്റ്റുകൾക്ക് രാത്രി കഴിയാം. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾ ദ്വീപിന്റെ സമ്പത്ത് ഘടനയിൽ വളരെ വലിയ പങ്കാണ് വഹിക്കുന്നത്. സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വകരിക്കുന്ന ടാഷിറോജിമ ദ്വീപിൽ പക്ഷേ, പൂച്ചകളുടെ ശത്രുവായ നായകൾക്ക് നോ എൻട്രി!