തിരുവനന്തപുരം: മണ്ണും കാടും കുടിനീരും പ്രാണവായുവും മലിനമാക്കാനുള്ള ശ്രമത്തെ ചെറുത്തുതോല്പിക്കണമെന്നും പശ്ചിമഘട്ടത്തിൽ മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കരുതെന്നും കവയിത്രി സുഗതകുമാരി പറഞ്ഞു. പശ്ചിമഘട്ടത്തിൽ മാലിന്യത്തിൽ നിന്നു വൈദ്യുതി പ്ലാന്റ് പാടില്ല, പെരിങ്ങമ്മലയിലെ മാലിന്യപ്ലാന്റ് പദ്ധതി ഉപേക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി പെരിങ്ങമ്മല പരിസ്ഥിതി സംരക്ഷണ സമിതി, പശ്ചിമഘട്ട ജൈവ കലവറ പരിപാലന സമിതി എന്നിവയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന കാവൽ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സുഗതകുമാരി. ഈ സമരത്തിൽ പങ്കെടുക്കാതിരിക്കാനാവില്ലെന്നും ആദിവാസികൾക്ക് കുടിവെള്ളം നിഷേധിക്കുന്നതാണ് ഈ പദ്ധതിയെന്നതിനാലാണ് അസുഖമായിട്ടും വന്നതെന്നും അവർ പറഞ്ഞു. സമരസമിതി ചെയർമാൻ നിസാർ മുഹമ്മദ് സുൽഫി അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, വി.എം. സുധീരൻ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, പീതാംബരക്കുറുപ്പ്, എം.എം. ഹസൻ, ബീമാപള്ളി റഷീദ്, പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്, പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ അനിൽകുമാർ, ഗ്രീൻവാക്ക് സംഘടന പ്രതിനിധി രഹാന, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, സാംസ്‌കാരിക പ്രവർത്തകരായ കെ.എം. ഷാജഹാൻ, ഗിരീഷ് പുലിയൂർ, ഡോ. ബാലചന്ദ്രൻ, ബി. നാഗപ്പൻ, തോന്നയ്‌ക്കൽ ജമാൽ, പെരിങ്ങമ്മല അജി, പക്ഷി നിരീക്ഷകരായ പി.കെ. ഉത്തമൻ, സി. സുശാന്ത്, മാഹീൻ, സാലി പാലോട് എന്നിവർ പങ്കെടുത്തു, കൺവീനർ പള്ളിവിള സലിം സ്വാഗതം പറഞ്ഞു.
സമരവേദിയിൽ വി.എസും
തിരുവനന്തപുരം: കാവൽ സത്യാഗ്രഹത്തിന് പിന്തുണയുമായി വി.എസ്. അച്യുതാനന്ദനെത്തി. നിയമസഭയിൽ ചർച്ചയിൽ പങ്കെടുത്തശേഷം ഉച്ചയ്ക്ക് ഒന്നോടെയാണ് അദ്ദേഹം സമരപ്പന്തലിലെത്തിയത്. ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കിയാണ് സമരക്കാർ വി.എസിനെ എതിരേറ്റത്. എന്നാൽ അദ്ദേഹം സംസാരിച്ചില്ല. സമരക്കാരിൽ ഏറ്റവും പ്രായംകൂടിയ ഭവാനി കാണി വി.എസിനെ ഷാളണിയിച്ചു. പത്ത് മിനിട്ടോളം സമരപ്പന്തലിൽ തങ്ങിയ ശേഷമാണ് വി.എസ് മടങ്ങിയത്.