കോവളം: തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണം കേന്ദ്ര പുരാവസ്‌തു അധികാരികളുടെ അനുമതിയും കാത്ത് കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. 50 വർഷം പഴക്കം ചെന്ന സബ് രജിസ്ട്രാർ ഓഫീസുകൾ പൊളിച്ച് മാറ്റാനും പുനർ നിർമ്മാണത്തിനുമായി നൽകിയ ഒന്നരക്കോടി ചെലവഴിക്കാൻ കഴിയാതെ നിർമ്മാണം ഫയലിൽ വിശ്രമിക്കുകയാണ്. കാലപ്പഴക്കത്തെ തുടർന്ന് ജീർണാവസ്ഥയിലായ പഴയ കെട്ടിടം പുതുക്കി പണിയുന്നതിന്റെ ഭാഗമായി കഴിഞ്ഞ സെപ്തംബർ 20 മുതൽ ഓഫീസിന്റെ ദൈനംദിന പ്രവർത്തനം മേനിലത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. ഇതിനായി 30,000 രൂപയാണ് പ്രതിമാസം വാടകയിനത്തിൽ സർക്കാർ മാറ്റിവയ്ക്കുന്നത്. പഴയ കെട്ടിടം പൂർണമായും പൊളിച്ചുനീക്കി അടിയന്തര പ്രാധാന്യത്തോടെ അത്യാധുനിക കെട്ടിടം നിർമ്മിക്കുന്നതിന് പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഒന്നര കിലോമീറ്റർ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ വൻതുക വാടക നൽകി ഓഫീസ് പ്രവർത്തനം മാറ്റിയത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും പുരാവസ്തു വകുപ്പിന്റെ പിടിവാശി കാരണം പഴയ കെട്ടിടം പൊളിച്ചു നീക്കാൻ പോലും അധികൃതർക്കായിട്ടില്ല. കനത്ത വേനൽ ചൂടിൽ വയോധികരുൾപ്പെടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഇടപാടുകാരും ആധാരമെഴുത്തുകാരുമടക്കം കാൽനടയായി വേണം പുതിയ ഓഫീസിലെത്താൻ. തിരുവല്ലം - മേനിലം റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ സർവീസുകളും വിരളമാണ്. അധികൃതരുടെ ഇത്തരം അലംഭാവത്തിനെതിരെ ശക്തമായ ജനരോഷമുയർന്നിരിക്കുകയാണ്.
തിരുവല്ലം സബ് രജിസ്ട്രാർ ഓഫീസ്
1962 ലാണ് 20 സെന്റ് വരുന്ന ഭൂമിയിൽ സബ് രജിസ്ട്രാർ ഓഫീസ് ആരംഭിച്ചത്. തിരുവല്ലം, വെങ്ങാനൂർ വില്ലേജുകളുടെ പരിധിയിൽ വരുന്ന ആധാരം, ബാങ്ക് ചിട്ടി തുടങ്ങിയവയുടെ രജിസ്‌ട്രേഷൻ ഇവിടെയാണ് നടക്കാറുള്ളത്. സബ് രജിസ്ട്രാർ ഉൾപ്പെടെ 8 ജീവനക്കാരും 50 ഓളം ആധാരമെഴുത്തുകാരുമാണ് ഈ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. പ്രതിമാസം ഒരു കോടിയോളം രൂപയുടെ രജിസ്‌ട്രേഷൻ ഇടപാടുകൾ ഉൾപ്പെടെ നടക്കുന്ന ജില്ലയിലെ പ്രധാന സബ് രജിസ്ട്രാർ ഓഫീസിന്റെ നിർമ്മാണമാണ് പുരാവസ്തു വകുപ്പ് അധികൃതരുടെ അലംഭാവം കാരണം മുടങ്ങിയത്.
പഴയ കെട്ടിടം ആരംഭിച്ചത് 1962 ൽ
പഴക്കം 57 വർഷം
പുനർ നിർമ്മാണത്തിന് നൽകിയത് 1.5 കോടി
പ്രവർത്തനം വാടക കെട്ടിടത്തിലേക്ക് മാറ്റിയത് 2018 സെപ്തംബർ 20ന്
പ്രതിമാസ വാടക 30,000 രൂപ
പ്രധാന പ്രശ്‌നങ്ങൾ
---------------------------------------
നിർമ്മാണം വൈകുന്നതിനാൽ വാടകയിനത്തിൽ സർക്കാരിന് വൻ തുക നഷ്ടം
മേനിലത്തെ പുതിയ ഓഫീസിലേക്ക് എത്താൻ കാൽനടയായി വേണം സഞ്ചരിക്കാൻ.
ഇത് സാധാരണക്കാരായ ഇടപാടുകാരെയും ആധാരമെഴുത്തുകാരെയും വലയ്ക്കുകയാണ്
ഇവിടേക്ക് ബസ് സർവീസുകളും വിരളം
അധികൃതരുടെ അനാസ്ഥയാണ് പുതിയ കെട്ടിട നിർമ്മാണത്തിന് തടസമായി നിൽക്കുന്നത്
പ്രതികരണം
----------------------------
ഓഫീസ് മേനിലത്തായപ്പോൾ പലർക്കും വന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. നഗരസഭയുടെ നിർദ്ദേശത്തെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് പ്ലാനിൽ മാറ്റങ്ങൾ വരുത്തി അനുമതിക്കായി വീണ്ടും അയച്ചിട്ടുണ്ട്. കേന്ദ്ര പുരാവസ്‌തു വകുപ്പിന്റെ അനുമതി കിട്ടിയാൽ മാത്രമേ പഴയ കെട്ടിടം പൊളിക്കാൻ കഴിയുകയുള്ളു. അനുമതി വൈകിയാൽ ഫണ്ട് നഷ്ടപ്പെടുമെന്ന ആശങ്കയുണ്ട്.
അനിൽകുമാർ .പി.എസ്, രജിസ്ട്രാർ