medical-allotment

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം സുപ്രീംകോടതി നിശ്ചയിച്ച സമയത്തു തന്നെ നടത്തുമെന്നു മന്ത്റി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു.

എട്ടിന് ആദ്യ അലോട്ട്‌മെന്റ് നടത്തും. പുതിയ ഫീസ് നിർണയിക്കാൻ കാലതാമസം നേരിട്ടാൽ കഴിഞ്ഞ വർഷത്തെ ഫീസ് നിരക്കിൽ പ്രവേശനം നൽകും. ഫീസ് നിർണയ സമിതി നിശ്ചയിക്കുന്ന നിരക്കിൽ ഫീസ് നൽകാമെന്നു വിദ്യാർത്ഥികളിൽ നിന്ന് ബോണ്ട് എഴുതി വാങ്ങും. ഫീസിന്റെ പേരിൽ മെഡിക്കൽ പ്രവേശനത്തിനു കാലതാമസം ഉണ്ടാവില്ലെന്നും മന്ത്റി അറിയിച്ചു.
ഈ വർഷത്തെ ഫീസ് എത്രയെന്ന് അറിയിക്കാതെ സ്വാശ്രയ മെഡിക്കൽ മാനേജ്‌മെന്റുകളുമായി ഒത്തുകളിച്ചു കൊള്ളയ്ക്ക് സർക്കാർ അവസരമൊരുക്കുകയാണെന്ന പ്രതിപക്ഷ ആരോപണം വാഗ്വാദത്തിനും ബഹളത്തിനും ഇടയാക്കി. തുടർന്ന്, പ്രതിപക്ഷം ഇറങ്ങിപ്പോയി.

സ്വാശ്രയ മുതലാളിമാർക്ക് കൊള്ളലാഭമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നീ​റ്റ് വന്നതോടെ റാങ്ക് ലിസ്​റ്റിൽ നിന്നു മാത്രമേ കുട്ടികളെ എടുക്കാൻ കഴിയൂ. ഈ സുവർണാവസരമാണു കള്ളക്കളിയിലൂടെ സർക്കാർ നഷ്ടപ്പെടുത്തുന്നതെന്ന് ചെന്നിത്തല ആരോപിച്ചു. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനും ഫീസ് നിർണയത്തിനും രണ്ട് സമിതി രൂപീകരിക്കണമെന്ന് 2017 നവംബറിൽ കോടതി ഉത്തരവിട്ട ശേഷം ഇതു നടപ്പാക്കാൻ 2019 വരെ നീട്ടിക്കൊണ്ടു പോയതു സ്വാശ്രയ മുതലാളിമാരെ സഹായിക്കാനാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ വി.എസ്. ശിവകുമാർ ആരോപിച്ചു. ഫീസ് വർദ്ധിപ്പിക്കുമെന്ന ഉറപ്പാണ് സർക്കാർ മാനേജ്‌മെന്റുകൾക്ക് നൽകിയിരിക്കുന്നതെന്നും ശിവകുമാർ ആരോപിച്ചു.
ഏകീകൃത ഫീസ് തീരുമാനിക്കുന്നത് ഫീസ് നിയന്ത്റണ സമിതിയാണെന്നും അത് സർക്കാർ അംഗീകരിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്റി കെ.കെ. ശൈലജ പറഞ്ഞു. ഫീസ് എത്രയെന്ന ചോദ്യത്തിന് മന്ത്റി മറുപടി പറഞ്ഞില്ല. കേരളത്തിലാണ് ഏ​റ്റവും കുറഞ്ഞ ഫീസ് . സ്വാശ്രയ കോളേജുകളിലെ പ്രവേശനവും ഫീസും സംബന്ധിച്ച സമിതികൾ രൂപീകരിക്കുന്നതിന് കാലതാമസമുണ്ടായത് തിരഞ്ഞെടുപ്പായതിനാലാണ്. മെഡിക്കൽ വിദ്യാഭ്യാസ മേഖലയെ യു.ഡി.എഫ് സർക്കാർ കച്ചവടകേന്ദ്രമാക്കി മാ​റ്റിയിരുന്നു. കഴിഞ്ഞ സർക്കാർ, മെഡിക്കൽ പ്രവേശനത്തിന് ആറ് മാനേജ്‌മെന്റുകളുമായി മാത്രമാണ് ധാരണയിലെത്തിയത്. ഈ സർക്കാർ 20 മാനേജ്‌മെന്റുകളുമായി ഇതിനകം ധാരണയിലെത്തിയിട്ടുണ്ടെന്നും മന്ത്റി അറിയിച്ചു.