തിരുവനന്തപുരം: സംസ്ഥാനം അതിരൂക്ഷമായ ജലക്ഷാമത്തിലേക്കെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ഡാമുകളിൽ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളമേ ശേഷിക്കുന്നുള്ളൂവെന്നും നിയമസഭാ ചോദ്യോത്തരവേളയിൽ ജലവിഭവ മന്ത്രി പറഞ്ഞു.
ജൂൺ 30 വരെയുള്ള കണക്കനുസരിച്ച് 48.46 ശതമാനം വെള്ളമാണ് അണകളിലുള്ളത്. ആകെ സംഭരണശേഷിയുടെ 28 ശതമാനമാണിത്. ജൂണിലെ മഴയിൽ 33 ശതമാനത്തിന്റെ കുറവുണ്ടായി. 30 വർഷത്തിനിടെ കേരളത്തിൽ പുതുതായി ഒരു കുടിവെള്ള പദ്ധതിയും ഉണ്ടായിട്ടില്ല. നിർദ്ദിഷ്ട പദ്ധതികളെല്ലാം പരിസ്ഥിതി പ്രശ്നങ്ങളുടെ പേരിൽ തടസപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു.
കാവേരി നദിയിൽ നിന്ന് കേരളത്തിനു കിട്ടേണ്ട ആറ് ടി.എം.സി ജലം വാങ്ങിയെടുക്കാൻ ശ്രമിക്കും. ഇതിനായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തമിഴ്‌നാടിന് നൽകിയിട്ടുണ്ട്. നേരത്തേ എതിർത്തിരുന്ന അവർ ഇപ്പോൾ അനുകൂല നിലപാടിലാണെന്നും എ.പ്രദീപ്കുമാർ, വീണാ ജോർജ്, ആർ.രാജേഷ്, പി.കെ.അബ്ദുറബ്ബ്, അൻവർ സാദത്ത്, ചിറ്റയം ഗോപകുമാർ, എൻ.എ.നെല്ലിക്കുന്ന് എം.ഷംസുദ്ദീൻ, എം.നൗഷാദ്, സണ്ണി ജോസഫ്, തിരുവഞ്ചൂർ രാധാക്യഷ്ണൻ, ഇ.കെ വിജയൻ എന്നിവരെ മന്ത്രി അറിയിച്ചു.