prathikal

തിരുവനന്തപുരം: നടുറോഡിൽ സ്ത്രീയുടെ പണം പിടിച്ചുപറിച്ച കൊലക്കേസ് പ്രതി ഉൾപ്പെട്ട മൂന്നംഗ സംഘത്തെ മെഡിക്കൽകോളേജ് പൊലീസ് പിടികൂടി. ചാല കരിമഠം സ്വദേശി രാഹുൽ (28), നെടുമങ്ങാട് മഞ്ച സജി സ്റ്റീഫൻ (25), നിതീഷ് (25) എന്നിവരെയാണ് മെഡിക്കൽകോളേജ് എസ്.ഐ ആർ.എസ്. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചേങ്കോട്ടുകോണം സ്വദേശി അമ്പിളിയുടെ പരാതിയെത്തുടർന്നാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. മെഡിക്കൽകോളേജിനു സമീപം ചാലക്കുഴിയിൽ വീട്ടുജോലിക്കു പോകുകയായിരുന്ന ഇവരെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് രാഹുലിന്റെ നേതൃത്വത്തിൽ ആട്ടോറിക്ഷയിലെത്തിയ മൂന്നംഗസംഘം ആക്രമിച്ച് ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നു. പരാതിയെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം സമീപത്തെ സി.സി ടിവി കാമറകൾ പരിശോധിച്ച് സ്ഥിരം കുറ്റവാളികളായ പ്രതികളെ തിരിച്ചറിയുകയായിരുന്നു.

രാഹുൽ 2013ൽ തൃക്കണ്ണാപുരം ആറ്റിൽ കൂട്ടുകാരനായ നന്ദുവിനെ തള്ളിയിട്ടുകൊന്ന കേസിലും, കിള്ളിപ്പാലം ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് പണവും മദ്യവും മോഷ്ടിച്ച കേസിലും പ്രതിയാണ്. ഇയാൾക്കെതിരെ ഫോർട്ട്, പൂജപ്പുര സ്റ്റേഷനുകളിൽ അടിപിടി, മോഷണം തുടങ്ങിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സജി സ്റ്റീഫനെതിരെ അടിപിടി, പിടിച്ചുപറി എന്നിവയിൽ നെടുമങ്ങാട് സ്റ്റേഷനിൽ കേസുണ്ട്.

കൃത്യത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ സി.ഐ അരുൺ .കെ.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ ആർ.എസ്. ശ്രീകാന്ത്, ക്രൈം എസ്.ഐ ഗോപകുമാർ, സി.പി.ഒ വിനീത്, വിനോദ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ‌് ചെയ്തു.