സാധാരണക്കാരും പാവപ്പെട്ടവരുമായ പതിനായിരക്കണക്കിന് രോഗികൾക്ക് ആശ്രയമായിരുന്ന കാരുണ്യ ചികിത്സാ സഹായ പദ്ധതിക്ക് പകരം കേന്ദ്രാഭിമുഖ്യത്തിലുള്ള ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കിയതിനെത്തുടർന്നുണ്ടായ ആശങ്കകൾക്ക് വിരാമമിടാൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കാരുണ്യയിലൂടെ ലഭിച്ചുവന്ന ചികിത്സാസഹായം പുതിയ പദ്ധതി വഴി ഭാഗികമായേ ലഭിക്കുകയുള്ളൂ എന്നതാണ് പ്രധാന പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അർബുദം, ഹീമോഫീലിയ തുടങ്ങി ചില ഗുരുതര രോഗങ്ങൾക്ക് പുതിയ പദ്ധതിക്ക് കീഴിൽ സഹായത്തിന് നിയന്ത്രണങ്ങളുണ്ടെന്നും പറയപ്പെടുന്നു. പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മൂന്ന് ലക്ഷത്തിനും താഴെ വരുമാനമുള്ള മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തണമെന്നാണ് ധനമന്ത്രി ഡോ. തോമസ് ഐസക് കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞത്. കാരുണ്യ ഇൻഷ്വറൻസ് പദ്ധതിയിൽ പെടാത്ത ചില രോഗങ്ങളുണ്ട്. അവയ്ക്ക് സഹായം നൽകാൻ പ്രത്യേകം ഉത്തരവിറക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പഴയ ചികിത്സാ കാർഡും ആധാറുമായി ആശുപത്രികളിലെത്തുന്ന മുഴുവൻ പേർക്കും കാർഡ് പുതുക്കി നൽകുമെന്നും ആർക്കും ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നുമാണ് മന്ത്രി ഉറപ്പു നൽകുന്നത്.
പുതിയ ഇൻഷ്വറൻസ് പദ്ധതിയിലേക്ക് മാറുമ്പോൾ സ്വാഭാവികമായും പ്രതീക്ഷിക്കാവുന്ന ചില പ്രശ്നങ്ങൾ മാത്രമാണോ ജനങ്ങൾക്കിടയിൽ ഉടലെടുത്തിരിക്കുന്നതെന്ന് സർക്കാർ പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ഗുരുതരമായ ചില രോഗങ്ങൾ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്താത്ത സ്ഥിതിക്ക് രോഗങ്ങൾ മാത്രമല്ല ആർ.സി.സി ഉൾപ്പെടെ ചില ചികിത്സാ കേന്ദ്രങ്ങളും പദ്ധതിയിൽ ഉൾപ്പെടാത്തത് സാധാരണക്കാർക്ക് തിരിച്ചടിയാകും. സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി എന്ന പേര് അന്വർത്ഥമാകണമെങ്കിൽ ഇതുപോലുള്ള ന്യൂനതകൾ ഒഴിവാക്കുക തന്നെ വേണം.
കുടുംബം വരെ വിൽക്കേണ്ടി വരുന്ന സ്ഥിതിയാണ് സംസ്ഥാനത്ത് ഇപ്പോൾ രോഗചികിത്സയുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. സാധാരണ കുടുംബങ്ങൾക്ക് കാരുണ്യ ചികിത്സാ സഹായ പദ്ധതി വലിയ അനുഗ്രഹം തന്നെയായിരുന്നു. ലളിതമായിരുന്നു അതിന്റെ നടപടിക്രമങ്ങൾ. ഒരു രൂപപോലും സർക്കാരിന് ഇതിനായി മുടക്കേണ്ടിയിരുന്നുമില്ല. ലോട്ടറിയിൽ നിന്നുള്ള വരുമാനം കൊണ്ടുമാത്രം നടന്നിരുന്ന പദ്ധതിയാണിത്. 2.39 ലക്ഷം രോഗികൾക്ക് 2318 കോടി രൂപയുടെ സഹായം നൽകാൻ കാരുണ്യ പദ്ധതി ഉപകരിച്ചു എന്നു പറയുമ്പോൾത്തന്നെ അതിന്റെ വലിപ്പം ബോദ്ധ്യമാകും. ഗുരുതര സ്വഭാവത്തിലുള്ള രോഗങ്ങളുടെ ചികിത്സയ്ക്കുവേണ്ടി മാത്രം രൂപം കൊടുത്തതായിരുന്നു കാരുണ്യ ചികിത്സാപദ്ധതി. അതിനാൽത്തന്നെ മറ്റ് ഇൻഷ്വറൻസ് പദ്ധതികളിൽ നിന്ന് ഇത് വേറിട്ടു നിന്നിരുന്നു. കാരുണ്യയ്ക്കു പകരം എത്തുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി കുടുംബാംഗങ്ങളുടെ മൊത്തം ആരോഗ്യ പരിരക്ഷയ്ക്കു വേണ്ടിയുള്ളതാണ്. ഒരു വർഷം അഞ്ചു ലക്ഷം രൂപയുടെ ചികിത്സാ പദ്ധതി ഉറപ്പു നൽകുന്നുണ്ടെങ്കിലും ഇൻഷ്വറൻസ് കമ്പനി മുന്നോട്ടുവയ്ക്കുന്ന നിബന്ധനകളിൽ പലതും സാധാരണക്കാരെ സംബന്ധിച്ച് പ്രതികൂല സ്വഭാവത്തിലുള്ളതാണ്. കിടത്തി ചികിത്സയ്ക്കു മാത്രമേ പുതിയ പദ്ധതി പ്രകാരം ആനുകൂല്യമുള്ളൂ. സാധാരണ കുടുംബങ്ങൾക്കായി സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പാക്കി വന്ന ആർ.എസ്.ബി.വൈ ചിസ് പ്ളസ് പദ്ധതികളിൽ ഉൾപ്പെട്ടവർക്ക് മാത്രമാണ് പുതിയ കാരുണ്യ ഇൻഷ്വറൻസ് ആനുകൂല്യം നൽകുന്നത്. പദ്ധതിയിൽ മുൻപ് ചേരാൻ കഴിയാതിരുന്നവർക്ക് ഇനി ഒരുവിധ ആനുകൂല്യവും ലഭിക്കാത്ത അവസ്ഥയുണ്ടാകുന്നത് നീതീകരിക്കാനാവാത്തതാണ്. നേരത്തേ ഇവർക്ക് 'കാരുണ്യ"വഴി ആനുകൂല്യം ലഭിച്ചിരുന്നതാണ്. അതു നിറുത്തിയതോടെ ഈ വിഭാഗത്തിൽപ്പെട്ടവർ സ്വന്തം നിലയിൽ ചികിത്സാ ഇൻഷ്വറൻസ് പദ്ധതി കണ്ടെത്തണം.
നിലവിലുള്ള മികച്ച ഒരു സഹായ പദ്ധതി ഉപേക്ഷിച്ച് പുതിയ ഒന്നിലേക്ക് മാറുമ്പോൾ അതിനു തക്ക മെച്ചം അതിനുണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കുന്നതിനൊപ്പം തന്നെ ഇതിൽ ഉൾപ്പെടാത്തവർക്കായി കാരുണ്യപോലുള്ള ഒരു സംവിധാനത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്. കാരുണ്യ ലോട്ടറിയോട് ജനങ്ങൾക്കുള്ള ആഭിമുഖ്യം ഒട്ടും കുറഞ്ഞിട്ടില്ല. കുറയുമെന്നും തോന്നുന്നില്ല. പൊതു ഖജനാവിനു ഭാരമാകാതെ തന്നെ ചികിത്സാ സഹായ പദ്ധതിക്ക് പണം സ്വരൂപിക്കാനാകും.
ഇതിനിടെ പുതിയ ആരോഗ്യ ഇൻഷ്വറൻസ് കാർഡിനായി ജനങ്ങൾ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടിനെക്കുറിച്ചുകൂടി പറയാതെ വയ്യ. കാർഡ് വിതരണ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്ന തിക്കും തിരക്കും ഇതിനകം എത്രയോ പാവങ്ങളെ ആശുപത്രിയിലാക്കിയിട്ടുണ്ട്. ആളുകളെ ഇത്തരത്തിൽ കഷ്ടപ്പെടുത്തി വേണോ ഇതുപോലുള്ള ചുമതലകൾ പൂർത്തിയാക്കാൻ. കാത്തുനിന്ന് മടുപ്പിക്കാതെ, ചിട്ടയോടെ കാർഡ് വിതരണത്തിനുതകുന്ന സംവിധാനം ഏർപ്പെടുത്താൻ എന്തുകൊണ്ട് കഴിയുന്നില്ല. സർക്കാരിന്റെ ഏതു ആനുകൂല്യം കൈപ്പറ്റാനും ജനത്തെ പൊരിവെയിലിലും മഴയത്തും നിറുത്തി ദ്റോഹിച്ചേ അടങ്ങൂ എന്ന ബ്യൂറോക്രാറ്റിക് മനോഭാവമാണ് ഇവിടെയും കാണുന്നത്. ആരോഗ്യ കാർഡ് വിതരണ കേന്ദ്രങ്ങളിൽ ഇപ്പോൾ നടന്നുവരുന്ന കൂട്ടപ്പൊരിച്ചിൽ ഉത്തരവാദപ്പെട്ടവർ ഒരിക്കലെങ്കിലും ഒന്നു കാണണം.