general

ബാലരാമപുരം: അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയ തേമ്പാമുട്ടം തലയൽ കെ.വി.എൽ.പി.എസിലെ പുതിയ കെട്ടിടം മന്ത്രി സി. രവീന്ദ്രനാഥ് ഇന്ന് രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. എം. വിൻസെന്റ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ,​ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ,​ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,​ പി.ടി.എ ഭാരവാഹികൾ,​ വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ,​ പൂർവവിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും. പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി സ്വാഗതവും പ്രഥമാമാദ്ധ്യാപിക മെഴ്സി നന്ദിയും പറയും. ബാലരാമപുരം പഞ്ചായത്തിലെ ഈ സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവടുമാറി. കഴിഞ്ഞ ആഗസ്റ്റിൽ എം. വിൻസെന്റ് എം.എൽ.എ സ്കൂളിന് തറക്കല്ലിട്ടത്. എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് എ.കെ. ആന്റണി സ്കൂൾ വികസനത്തിന് 58 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. മുൻ ഗുജറാത്ത് ഡി.ജി.പി ശ്രീകുമാർ ഉൾപ്പടെയുള്ളവർ ഈ സൂളിലെ വിദ്ധ്യാർത്ഥികളായിരുന്നു. പുതിയ ഇരുനിലക്കെട്ടിടത്തിൽ അഞ്ച് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമുണ്ട്. ടൈൽപാകിയ ക്ലാസ് മുറികളും ഇന്റർലോക്ക് പാകിയ മുറ്റവും മനോഹരമായി നിർമ്മിച്ച ശിശുസൗഹൃദ പ്രീപ്രൈമറയും തുടങ്ങിയവ ഒരുക്കിയാണ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിരിക്കുന്നത്. വൈദ്യൂതീകരണം,​ പെയിന്റിംഗ്,​ പ്രവേശനകവാടം ഉൾപ്പെടെ എല്ലാ ജോലികളും ഇതിനോടകം പൂർത്തിയായി കഴിഞ്ഞു.