ksrtc

ആര്യനാട്: ആര്യനാടുള്ള കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ് കയറാനെത്തുന്നവരെ കാത്ത് വലിയൊരപകടം തല ഉയർത്തി നിൽക്കുന്നുണ്ട്. 2000-2001ൽ ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടമാണിപ്പോൾ യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നത്.

ഈ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ യാത്രക്കാർക്കുള്ള വെയിറ്റിംഗ് കേന്ദ്രവും മുകളിൽ ടിക്കറ്റ് കം കാഷ് കൗണ്ടറും ചെക്കിംഗ് ഇൻസ്പെക്ടറുടെ ഓഫീസുമാണ് പ്രവർത്തിച്ചിരുന്നത്. കെട്ടിടത്തിന് ബലക്ഷയം വന്നതോടെ മുകളിലെ നിലയിൽ പ്രവർത്തിച്ചിരുന്ന ഓഫീസുകൾ സമീപത്തെ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഇപ്പോൾ വനിതകളുടെ ടോയ്ലെറ്റ് മാത്രമാണ് പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.

നിർമ്മാണത്തിലെ അപാകതകൾ കാരണം കെട്ടിടത്തിന്റെ രണ്ടാം നിലയിലെ കോൺക്രീറ്റ് പാളികൾ ഇപ്പോൾ അടർന്ന് വീഴുകയാണ്. പലപ്പോഴും അടർന്നുവീഴുന്ന കോൺക്രീറ്റ് പാളികൾ താഴത്തെ വെയിറ്റിംഗ് ഷെഡിൽ ബസ് കാത്ത് നിൽക്കുന്ന യാത്രക്കാരുടെ ദേഹത്തേക്കാവും വീഴുക.

അപകടം ഒഴിവാക്കാനായി ഡിപ്പോയിലെ ജീവനക്കാർ തന്നെ മുൻകൈയെടുത്ത് വെയിറ്റിംഗ് ഷെഡിന് മുന്നിൽ അപായ സൂചന ബോർഡുകൾ സ്ഥാപിച്ചു. അപായ സൂചനാ ബോർഡ് നശിച്ചത് മാത്രം മിച്ചം. കെട്ടിടത്തിന്റെ ബലക്ഷയം മാറ്റാനോ പൊളിച്ചുമാറ്റാനോ ആരും തയാറായില്ല. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് കാണിച്ച് പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥ‌ർ ആര്യനാട് കെ.എസ്.ആർ.ടി.സി അധികൃതർക്ക് നോട്ടീസ് നൽകി. എന്നിട്ടും പരിഹാരമുണ്ടായില്ല. അപകട ഭീഷണിയിലായ കെട്ടിടം പൊളിച്ചുമാറ്റി പുതിയ മന്ദിരം നിർമിക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് യാത്രക്കാരും ജീവനക്കാരും ഒരുപോലെ ആവശ്യപ്പെടുന്നു.