ഒന്ന് തല്ലുക, പിന്നെയൊന്ന് തലോടുക, പിന്നെയും തല്ലിത്തലോടി... ധനവിനിയോഗ ബില്ലിന്മേലുള്ള ചർച്ച തുടങ്ങിവച്ച വി.എസ്. അച്യുതാനന്ദൻ ഇമ്മട്ടിൽ പുരോഗമിച്ചപ്പോൾ കോറസ് പോലെ ഇടയ്ക്കിടയ്ക്ക് പ്രതിപക്ഷത്ത് നിന്നും ഭരണപക്ഷത്ത് നിന്നും ഡെസ്കിലടി മുഴങ്ങിക്കേട്ടു.
പൊലീസ് സേനയെക്കുറിച്ച് ഈയിടെ ഉയർന്നുവന്ന ആക്ഷേപങ്ങൾ ഗൗരവത്തിലെടുക്കുകയും ആവർത്തിക്കാതിരിക്കാൻ കർശനനടപടിയെടുക്കുകയും വേണമെന്ന് വി.എസ് പറഞ്ഞത് നെടുങ്കണ്ടം കസ്റ്റഡിമരണം ഉദ്ദേശിച്ചുതന്നെയാവും. അത് പ്രതിപക്ഷത്തെ ആഹ്ലാദിപ്പിച്ചു. ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല ഈ സഭ ഒരു വകുപ്പിനെ വിലയിരുത്തേണ്ടതെന്ന് തൊട്ടടുത്ത മാത്രയിൽ വി.എസ് പറഞ്ഞപ്പോൾ ആ ആഹ്ലാദം നിരാശയ്ക്ക് വഴിമാറുകയും ചെയ്തു. പൊലീസിന് ജുഡിഷ്യൽ അധികാരവും ലഭിക്കുകയാണെങ്കിൽ എന്തെല്ലാം ദുരന്തങ്ങളുണ്ടാവാം എന്ന വി.എസിന്റെ ആത്മഗതം പ്രതിപക്ഷത്തിന് കർണാനന്ദകരമായിരുന്നു. പൊലീസിന് ജുഡിഷ്യൽ അധികാരം നൽകാനുള്ള തീരുമാനമെടുത്തത് ഉമ്മൻചാണ്ടി സർക്കാരായിരുന്നു, ഇടതുപക്ഷം തീരുമാനിച്ചില്ല എന്ന വി.എസിന്റെ തൊട്ടടുത്ത വാക്കുകൾ പക്ഷേ അവർക്ക് ഇടിത്തീയായി. വീഴ്ചകൾക്ക് ജനപ്രതിനിധികളും ഉത്തരവാദികളാണെന്നും വി.എസ് പറഞ്ഞത് ആന്തൂരിനെ ലക്ഷ്യം വച്ചാകണം.
വി.എസ് നിറുത്തിയേടത്ത് നിന്ന് തുടങ്ങിയ എ.പി. അനിൽകുമാർ ധനമന്ത്രി തോമസ് ഐസക്കിനെ വിശേഷിപ്പിച്ചത് സാമ്പത്തികരംഗത്ത് പിഴവുകൾ മാത്രം വരുത്തുന്ന ധനമന്ത്രിയെന്നാണ്. നിങ്ങൾ നടത്തിയത് പോലുള്ള പാലാരിവട്ടം മോഡൽ വികസനമല്ല ഞങ്ങളുടേത് എന്ന് പ്രതിപക്ഷത്തേക്ക് കൈചൂണ്ടി സി.കെ. ആശ വിളിച്ചുപറഞ്ഞു.
ക്രിസ്തുവിനെ തറച്ച ആണിപ്പഴുതിൽ തൊട്ട് ഉറപ്പുവരുത്തിയ ശേഷം മാത്രം ഉയിർത്തെഴുന്നേല്പിൽ വിശ്വസിച്ച തോമാശ്ലീഹയുടെ മാനസികാവസ്ഥ പോലും പ്രതിപക്ഷത്തിനില്ലെന്ന് മാത്യു ടി. തോമസ് വ്യസനിച്ചു. ആണിപ്പഴുതിൽ തൊടാൻ അവസരം കിട്ടിയത് ഡൗട്ടിംഗ് തോമസ് ആയ തോമാശ്ലീഹയെ പശ്ചാത്താപത്തിന് പ്രേരിപ്പിച്ചെങ്കിൽ പ്രതിപക്ഷം ആ അവസരം കിട്ടിയിട്ടും അതിന് തയ്യാറല്ലെന്ന് മാത്യു ടി. തോമസ് പറയുന്നു. തോമാശ്ലീഹയെ പോലെ പേരിൽ തോമസുള്ള മാത്യു ടി. തോമസും 'എന്റെ കർത്താവേ, എന്റെ ദൈവമേ' എന്ന് വിളിച്ചില്ലെന്നേയുള്ളൂ.
കെ.എം. മാണി സാറിന്റെ കുഞ്ഞായ കാരുണ്യ ബെനവലന്റ് സ്കീമിനെ പിണറായി സർക്കാർ ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നുവെന്നും ആ കുഞ്ഞിന്റെ ദയാവധം ജൂലായ് ഒന്നിനായിരുന്നെന്നും റോഷി അഗസ്റ്റിൻ. ഒത്തിരി വേദനയുണ്ട്, സാർ എന്ന് റോഷി വിലപിച്ചു. യു.ഡി.എഫിന്റെ അഞ്ച് വർഷം അവഗണനയുടെ കയ്പുനീര് കുടിക്കേണ്ടി വന്ന ജനമിപ്പോൾ വികസനത്തിന്റെ മധുരം നുകർന്ന് സന്തോഷത്തോടെ ജീവിക്കുന്നത് സി. കൃഷ്ണൻ കാണുന്നു. കല്ലുരച്ചാൽ കണ്ണാടിയാകില്ലെന്നത് പോലെ കേരളത്തിലെ പ്രതിപക്ഷത്തിന് ക്രിയാത്മക പ്രതിപക്ഷമാകാനാകുന്നില്ലെന്ന് നിരീക്ഷിച്ചത് ഐ.ബി. സതീഷാണ്. യു.ഡി.എഫിന്റെ 19 എം.എൽ.എമാരോട് പാർലമെന്റിൽ ചൗകിദാർ ചോർ ഹെ എന്ന് വിളിക്കാൻ സി. ദിവാകരൻ ആവശ്യപ്പെട്ടു. അങ്ങനെ വിളിച്ചാലവർ പാർലമെന്റിന് പുറത്തേക്ക് പിന്നെ വരില്ലെന്ന നിയമപ്രകാരമുള്ള മുന്നറിയിപ്പും അദ്ദേഹം പിന്നാലെ നൽകി. ഈസ്റ്റിന്ത്യാകമ്പനി ഇന്ത്യയിൽ വന്നാണ് രാജ്യം കീഴടക്കിയതെങ്കിൽ കമ്മ്യൂണിസ്റ്റ് സർക്കാർ ലണ്ടനിൽ പോയി കേരളത്തെ പണയപ്പെടുത്തിയെന്ന് വി.എസ്. ശിവകുമാർ.
സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുമായി ഒത്തുകളിച്ച് വിദ്യാർത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലാക്കിയെന്നാണ് അടിയന്തരപ്രമേയനോട്ടീസിൽ വി.എസ്. ശിവകുമാറിന്റെയും മറ്റും ആരോപണം. എം.ബി.ബി.എസ് പ്രവേശനക്കാര്യത്തിൽ വിദ്യാർത്ഥിമനസുകളിൽ കനലെരിയുന്നതായി വി.എസ്. ശിവകുമാർ കണ്ടു. എന്നാൽ മെഡിക്കൽപ്രവേശനനടപടികളെല്ലാം കൃത്യമായി നടക്കുന്നതിനാൽ കനലെരിയുന്നത് അംഗത്തിന്റെ മനസിലാണെന്നാണ് മന്ത്രി കെ.കെ. ശൈലജയുടെ മറുപടി. വിദ്യാർത്ഥികളെ കണ്ണീര് കുടിപ്പിക്കാത്ത ഒരു സ്വാശ്രയപ്രവേശനവും മൂന്ന് വർഷവുമുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തീർത്തുപറഞ്ഞു.
കാലുമാറ്റമല്ല, കാലിടറൽ സഭയ്ക്കകത്ത് അടുത്തിടെയായി സംഭവിക്കുന്നു. രണ്ട് ദിവസം മുമ്പ് എസ്. ശർമ്മയും സി.കെ. നാണുവും കാലിടറി വീണതിന് പിന്നാലെ ഇന്നലെ സി.കെ. ആശയ്ക്കും ചെറുതായൊന്ന് കാല് തെറ്റി. ഗ്രഹനില നോക്കുന്നത് നന്നാവും.