തിരുവനന്തപുരം: തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിൽ ഇനി മൾട്ടിസെൻസറിംഗ് പാർക്കും. സമഗ്രശിക്ഷാ കേരളത്തിന്റെ ഭാഗമായി ഫോർട്ട് സത്രം സ്‌കൂൾ വളപ്പിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലാണ് അത്യാധുനിക സംവിധാനങ്ങളോടു കൂടിയ മൾട്ടിസെൻസറിംഗ് പാർക്ക് തുറക്കുന്നത്. എസ്.ബി.ഐയുടെ സഹകരണത്തോട സജ്ജമാക്കിയ പാർക്കിന്റെ ഉദ്ഘാടനം മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള സ്‌പർശന സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് സെന്ററിന്റെ ലക്ഷ്യം. സ്വകാര്യ മേഖലയിൽ മണിക്കൂറിന് പണം നൽകേണ്ടിവരുന്ന പരിശീലനമാണ് കേന്ദ്രത്തിലൂടെ സൗജന്യമായി ലഭ്യമാക്കുന്നത്. എസ്.ബി.ഐ സാമൂഹ്യ പ്രതിബദ്ധത പ്രവർത്തനങ്ങളുടെ ഭാഗമായി നൽകിയ അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് സജ്ജമാക്കിയത്. സംസ്ഥാനത്തിന് തന്നെ മാതൃകയായി തലസ്ഥാനത്ത് പ്രവർത്തിക്കുന്ന സെന്ററിൽ നിലവിൽ രണ്ട് വയസുമുതൽ 22 വയസ് വരെയുള്ള കുട്ടികളാണുള്ളത്. വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസമാണ് ഓട്ടിസം സെന്ററിൽ പരിശീലനം നൽകുന്നത്. സമഗ്ര ശിക്ഷാ കേരളത്തിന് കീഴിൽ തിരുവനന്തപുരം സൗത്ത് യു.ആർ.സിയുടെ ഭാഗമായാണ് സെന്റർ പ്രവർത്തിക്കുന്നത്. നിലവിൽ ആറ് പരിശീലകരാണുള്ളത്.
എല്ലാം ഒരു കുടക്കീഴിൽ
--------------------------------------
ഒക്കുപേഷണൽ തെറാപ്പി
സ്‌പീച്ച് തെറാപ്പി
ഫിസിയോ തെറാപ്പി
സൈക്കോതെറാപ്പി
അക്കാഡമിക് പരിശീലനം
ബാൻഡ് പരിശീലനം
നൃത്ത, സംഗീത, യോഗ, ചിത്രരചന പരിശീലനം
എയ്റോബിക്‌സ്
രക്ഷകർത്തൃ ബോധവത്കരണം
ഗൈഡൻസ് ആൻഡ് കൗൺസലിംഗ്
ലാഫിംഗ് തെറാപ്പി
കുട്ടികളുടെ എണ്ണം - 126
"ഓട്ടിസം ബാധിച്ച കുട്ടികളെ മറ്റുള്ളവർക്കൊപ്പം സമൂഹത്തോട് ചേർത്തു നിറുത്തുകയാണ് ലക്ഷ്യം.
ആധുനികരീതിയിലുള്ള പരിശീലനമാണ് ഇവിടെ ലഭ്യമാക്കുന്നത്"
- എ. നജീബ്
ബോക്ക് പ്രോഗ്രാം ഓഫീസർ, യു.ആർ.സി സൗത്ത്