വിഴിഞ്ഞം: കോവളം വിനോദസഞ്ചാരതീരത്ത് ഒന്നാം ഘട്ട സൗന്ദര്യവത്കരണം ആരംഭിച്ചു. റവന്യൂ അധികൃതർ സ്ഥലത്തെത്തി സർവേ നടപടികൾ ആരംഭിച്ചു. ഗ്രോവ് ബീച്ചിലെ അപകടാവസ്ഥയിൽ നിന്ന ഇലക്ട്രിക് പോസ്റ്റുകൾ മുറിച്ചുനീക്കി. 20 കോടിയുടെ പദ്ധതികളാണ് കോവളത്ത് നടപ്പാക്കുന്നത്. മൂന്നു മാസങ്ങൾക്ക് മുമ്പ് വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ ഭൂമി സംബന്ധിച്ച സർവേ നടപടികളാണ് ആരംഭിച്ചത്. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഷാഹുലിന്റെ നേതൃത്വത്തിലാണ് റവന്യൂ സർവേ സംഘം കോവളം ഗ്രോവ് ബീച്ചിൽ സർവേ നടത്തിയത്. കോവളം തീരത്തെത്തുന്ന സഞ്ചാരികളുടെ പരാതികൾക്ക് പരിഹാരമായാണ് പുതിയ പദ്ധതികൾ ഒരുങ്ങുന്നത്. കടൽ സൗന്ദര്യത്തിനൊപ്പം സഞ്ചാരികൾക്കു തീര സൗന്ദര്യവും ആസ്വദിക്കാവുന്ന രീതിയിലാണ് പുതിയ നവീകരണം. കോവളം വിനോദസഞ്ചാര തീരത്ത് രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. കോവളത്തെ ഗ്രോവ് ബീച്ച്, സമുദ്രാ ബീച്ച്, ഹവ്വാ ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലാണ് പദ്ധതികൾ നടപ്പാക്കുന്നത്.
തീരമണയുന്ന പദ്ധതികളും ചെലവും
ഒന്നാം ഘട്ടം:
1) യോഗടെക്ക്: 16.94 ലക്ഷം
2)ആധുനിക ടോയ്ലെറ്റുകൾ: 47.62 ലക്ഷം
3) സ്വാഗത കവാടം: 18 ലക്ഷം
4) ഇരിപ്പിടങ്ങൾ: 19.69 ലക്ഷം
5) കഫേ: 20.7 ലക്ഷം
6)നടപ്പാതയും സൈക്കിൾ ട്രാക്കും: 27.87 ലക്ഷം
7)റോളർസ്കേറ്റിംഗ് ഏരിയ: 9.5 ലക്ഷം
8)പൊലീസ് ഔട്ട് പോസ്റ്റും ലൈഫ് ഗാർഡ് കിയോസ്‌കും: 11.39 ലക്ഷം
9)സി.സി ടിവി: 21 ലക്ഷം
10)ആഡിയോ സംവിധാനം: 17.7 ലക്ഷം
11)തീരസംരക്ഷണഭിത്തി, ടെട്രോപോഡ് : 3.6 കോടി
രണ്ടാം ഘട്ട പദ്ധതികൾ
ലേസർ ഷോ: 1.10 കോടി
സോളാർ, സി.സി ടിവി പദ്ധതികൾ: 2.58 കോടി
13 അടി വീതിയിൽ രണ്ട് നടപ്പാതകൾ,
ടെട്രോപോഡുകൾ: 85 ലക്ഷം
40 ബീച്ച് വെണ്ടർ ബൂത്തുകൾ: 40 ലക്ഷം
ദിശാബോർഡുകൾ: 40 ലക്ഷം
ആറ് കൽമണ്ഡപങ്ങൾ: 24 ലക്ഷം
120 ഗ്രാനൈറ്റ് ഇരിപ്പിടങ്ങൾ: 18 ലക്ഷം
ഇടക്കല്ല് റോക്ക് ഗാർഡൻ പദ്ധതി: 75 ലക്ഷം
ലൈഫ് ഗാർഡ് കിയോസ്‌ക്കും ഔട്ട് പോസ്റ്റും: 11.39 ലക്ഷം
ബോട്ടിന്റെ ആകൃതിയിൽ 100 ഇരിപ്പിടങ്ങൾ:10 ലക്ഷം
തെങ്ങിൻതടിപ്പാലം: 35 ലക്ഷം
മാലിന്യ നിർമ്മാർജന ഹരിതമേഖല: 50 ലക്ഷം
ആശങ്കയൊഴിയാതെ
കോവളത്തെ വികസനപദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചെങ്കിലും ആദ്യഘട്ട നിർമാണത്തിൽ ആശങ്കയുണ്ട്. ഗ്രോവ് ബീച്ചിനു സമീപത്തെ സ്ഥലത്തെ ചൊല്ലി സർക്കാരും സ്വകാര്യ ഹോട്ടലും തർക്കമുന്നയിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കൂടിയാണ് റവന്യൂ അധികൃതർ സർവേ നടത്തിയത്. ഹോട്ടലിനും സർക്കാരിനും ഈ സ്ഥലത്തെക്കുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. സർവേ നടപടികൾ പൂർത്തിയായ ശേഷമേ ഇതു സംബന്ധിച്ച് വ്യക്തത വരൂവെന്ന് അധികൃതർ പറഞ്ഞു.