തിരുവനന്തപുരം: നഗരസഭാ പരിധിയിലെ റോഡുകളിലെ മീഡിയനുകളും ഡിവൈഡറുകളും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിയമവിരുദ്ധമായി പരസ്യബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ നഗരസഭ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്.
റോഡ് സുരക്ഷാ അതോറിട്ടിയുടെ നിർദ്ദേശപ്രകാരം സിറ്റി പൊലീസ് നിഷ്‌കർഷിക്കുന്ന സ്ഥലങ്ങളിൽ ആവശ്യമായ ഡിവൈഡറുകളും മീഡിയനുകളും പൊതുമരാമത്ത് വകുപ്പ് തന്നെ സ്ഥാപിക്കണമെന്നും കമ്മിഷൻ നിർദ്ദേശിച്ചു.
ഡിവൈഡറുകളിൽ സിറ്റി ട്രാഫിക് പൊലീസ് സ്വകാര്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് ഹൈക്കോടതി വിധിയുടെ ലംഘനമാണെന്ന് ആരോപിച്ച് ഷെഫിൻ കവടിയാർ നൽകിയ പരാതിയിലാണ് ഉത്തരവ്. എം.ജി റോഡിൽ സിറ്റി ട്രാഫിക് പൊലീസ് സ്ഥാപിച്ച ഡിവൈഡറുകളിൽ സ്വകാര്യ സ്ഥാപനങ്ങൾ സ്ഥാപിച്ച പരസ്യങ്ങൾ നീക്കം ചെയ്‌തെങ്കിലും മണിക്കൂറുകൾക്കുള്ളിൽ വീണ്ടും സ്ഥാപിച്ചതായി നഗരസഭ കമ്മിഷനെ അറിയിച്ചു. പരസ്യങ്ങൾ വീണ്ടും സ്ഥാപിച്ചവർക്കെതിരെ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മിഷണർക്ക് കത്ത് നൽകിയിട്ടുണ്ട്. പുനഃസ്ഥാപിച്ച പരസ്യങ്ങൾ വീണ്ടും നീക്കം ചെയ്തതായും റിപ്പോർട്ടിലുണ്ട്. എന്നാൽ മീഡിയനുകളിൽ പരസ്യം സ്ഥാപിക്കാൻ ട്രാഫിക് പൊലീസ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി കമ്മിഷനെ അറിയിച്ചു. ബാരിക്കേഡുകളിൽ പരസ്യങ്ങൾ ക്ഷണിച്ചുകൊണ്ട് പൊലീസ് ഫോൺ നമ്പർ നൽകിയിട്ടില്ല.
അപകടം തടയുന്നതിനായി മീഡിയൻ സ്ഥാപിക്കാൻ കേരള റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് തുടങ്ങിയ സ്ഥാപനങ്ങൾക്ക് കത്ത് നൽകിയിരുന്നതായി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. എന്നാൽ റോഡ് ഫണ്ട് ബോർഡിന് മീഡിയൻ സ്ഥാപിക്കാൻ ഫണ്ട് ലഭ്യമല്ലെന്ന് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ വ്യക്തികൾ റോഡ് ഫണ്ട് ബോർഡ്, പൊതുമരാമത്ത് എന്നിവയുടെ അനുമതിയോടെ ബാരിക്കേഡും മീഡിയനും സ്ഥാപിച്ചത്. മീഡിയൻ സ്ഥാപിച്ചതുവഴി ഇരുചക്രവാഹനങ്ങൾ റോഡ് മുറിച്ചുകടക്കുന്നതും അലക്ഷ്യമായ കാൽനടയാത്രയും നിയന്ത്റിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് ഡിവൈഡറുകൾ സ്ഥാപിക്കാത്ത സാഹചര്യത്തിലാണ് സ്വകാര്യ വ്യക്തികളെ കൊണ്ട് ഡിവൈഡറുകൾ സ്ഥാപിക്കാൻ പൊലീസ് നിർബന്ധിതമായതെന്ന് കമ്മിഷൻ നിരീക്ഷിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ, അവരുടെ ചെലവിൽ ബോർഡ് സ്ഥാപിക്കുമ്പോൾ ബോർഡിൽ അവരുടെ പരസ്യങ്ങൾ സ്ഥാപിക്കുന്നത് സ്വാഭാവികമാണ്. പൊതുമരാമത്ത് വകുപ്പും അതിന് കീഴിലുള്ള ഏജൻസികളും ആവശ്യമായ ഡിവൈഡറുകളും മീഡിയനുകളും സ്ഥാപിച്ചാലേ ഹൈക്കോടതി ഉത്തരവ് പൂർണമായും നടപ്പിലാക്കാൻ കഴിയുകയുള്ളൂവെന്നും ഇതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.