arrest-camara

വർക്കല: നിരീക്ഷണ കാമറകൾ മോഷ്ടിച്ച കേസിലെ പ്രതിയെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല മൈതാനം താലൂക്കാശുപത്രിക്ക് സമീപം കോട്ടുമൂല തെക്കതിൽ വീട്ടിൽ നസറുദ്ദീൻഷാ (25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 29ന് രാത്രി വർക്കല നഗരത്തിലെ വിജയ് ഡെന്റൽ ക്ലിനിക്കിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഒരു കാമറയും കോട്ടുമൂല ഫാറൂക്ക് വില്ലയിൽ സബീക്കയുടെ വീട്ടിലെ രണ്ട് നിരീക്ഷണ കാമറകളും മോഷ്ടിച്ച കേസിലാണ് ഇയാൾ പിടിയിലായത്. മത്സ്യത്തൊഴിലാളിയായ നസറുദ്ദീൻ പെരുമാതുറ ഫിഷിംഗ് ഹാർബറിലാണ് ജോലി നോക്കി വരുന്നത്. നിരവധി അടിപിടി കേസുകളിലും പോക്സോ കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 2016ൽ 16കാരിയായ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. ഈ കേസിൽ രണ്ടുമാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2019 ജനുവരി 2ന് കാറാത്തലയിൽ അരുൺഭാസി എന്ന യുവാവിനെ നാല് പേർ ചേർന്ന് കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ രണ്ടാം പ്രതിയുമാണ്. ഈ കേസിൽ ഹൈക്കോടതി ജാമ്യാപേക്ഷ തളളിയതിനെ തുടർന്ന് ഒളിവിലായിരുന്നു. കേസിലെ മറ്റു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 29ന് വർക്കല മൈതാനത്ത് ദന്താശുപത്രിയിലെ വിലപിടിപ്പുളള നിരീക്ഷണ കാമറ മോഷണം നടത്തിയെങ്കിലും ഇയാളുടെ ചിത്രം മറ്റൊരു കാമറയിൽ പതിഞ്ഞിരുന്നു. കാമറ മോഷ്ടാവിന്റെ ചിത്രം പത്രങ്ങളിൽകണ്ട വർക്കല നഗരത്തിലെ ഒരു ആട്ടോ ഡ്രൈവർ വർക്കല സി.ഐക്ക് നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് നസറുദ്ദീൻഷായെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഇയാളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുകയും തൊണ്ടിമുതലായ മൂന്ന് കാമറകൾ ഇയാളുടെ വീട്ടിൽ നിന്നു കണ്ടെടുക്കുകയും ചെയ്തു. കാമറകൾക്ക് മുപ്പതിനായിരത്തോളം രൂപ വില വരും. ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയും ഇതൊരു ഹോബിയാണെന്ന് പറഞ്ഞതായും പൊലീസ് അറിയിച്ചു. വർക്കല സി.ഐ ജി.ഗോപകുമാർ, എസ്.ഐ ശ്യാംജി, എസ്.സി.പി.ഒ മാരായ മുരളീധരൻ, ഇർഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി പ്രതിയെ റിമാൻഡു ചെയ്തു.

ഫോട്ടോ: അറസ്റ്റിലായ പ്രതിയും നിരീക്ഷണ കാമറയും