reservation

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സർവീസിൽ (കെ.എ.എസ്) മൂന്നു ധാരകളിലും സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള കരട് ഭേദഗതി നിർദ്ദേശങ്ങൾക്ക് പി.എസ്.സി അംഗീകാരം നൽകി. നേരിട്ടുള്ള നിയമനം, ഗസറ്റഡ് റാങ്കില്ലാത്ത ഉദ്യോഗസ്ഥർ, ഗസറ്റഡ് ഉദ്യോഗസ്ഥർ എന്നീ മൂന്നു വിഭാഗങ്ങളിലും സംവരണം ഏർപ്പെടുത്താനാണ് തീരുമാനം.

സർക്കാർ കരട് ചട്ടം പ്രസിദ്ധീകരിച്ചപ്പോൾ നേരിട്ടുള്ള നിയമനത്തിൽ മാത്രമാണ് സംവരണം വ്യവസ്ഥ ചെയ്തിരുന്നത്. ഒന്നാം ഗസറ്റഡ് റാങ്കിലെ ഉദ്യോഗസ്ഥർക്കും മറ്റ് തസ്തികകളിലെ ജീവനക്കാർക്കും സംവരണം അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. ഭരണപക്ഷത്തുനിന്നുതന്നെ സംവരണത്തിന് അനുകൂലമായ നിലപാടുണ്ടായി. ഇതോടെയാണ് മൂന്ന് വിഭാഗങ്ങളിലും സംവരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്.

ഒന്നാം ഗസറ്റഡ് ഓഫീസർമാർക്കുള്ള തസ്തികമാറ്റ നിയമനത്തിന് സംവരണ പ്രകാരമുള്ള വയസിളവ് ഒഴിവാക്കിക്കൊണ്ടാണ് നിർദ്ദേശങ്ങൾ അംഗീകരിച്ചത്. ഈ വിഭാഗത്തിൽ അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 50 വയസാണ്. സംസ്ഥാന സേവന ചട്ടപ്രകാരം സംവരണവിഭാഗങ്ങൾക്കുള്ള വയസിളവ് 50ൽ കൂടരുതെന്ന് നിഷ്‌കർഷയുണ്ട്.

മറ്റ് രണ്ട് വിഭാഗങ്ങളിലും സംവരണ പ്രകാരമുള്ള വയസിളവ് ലഭിക്കും. നേരിട്ടുള്ള നിയമനത്തിന് 21-32 ആണ് പ്രായപരിധി. ഈ വിഭാഗത്തിൽ എസ്.സി/എസ്.ടിക്ക് 37 വയസ് വരെയും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് 35 വയസ് വരെയും അപേക്ഷിക്കാം. സംസ്ഥാന സർവീസിൽ ഒന്നാം ഗസറ്റഡ് തസ്തികയ്ക്ക് താഴെ ജോലി ചെയ്യുന്നവർക്കുള്ളതാണ് രണ്ടാം കാറ്റഗറി. പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത് 21-40 ആണ്. ഈ വിഭാഗത്തിൽ എസ്.സി/എസ്.ടിക്കാർക്ക് 45 വയസ് വരെയും മറ്റ് പിന്നാക്കക്കാർക്ക് 43 വയസ് വരെയും അപേക്ഷിക്കാം. വിമുക്തഭടന്മാർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് സംസ്ഥാന സേവനച്ചട്ടത്തിലെ വ്യവസ്ഥയനുസരിച്ച് വയസിളവ് ലഭിക്കും.
ബിരുദമാണ് കെ.എ.എസിനുള്ള അടിസ്ഥാന യോഗ്യത. ഐ.എ.എസിലേക്കുള്ള സംസ്ഥാനത്തിന്റെ ഫീഡർ കാറ്റഗറിയായിട്ടാണ് കെ.എ.എസ് വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാന സർവീസിലെ രണ്ടാം ഗസറ്റഡ് തസ്തികയുടെ 10 ശതമാനം ഒഴിവുകളാണ് കെ.എ.എസിലേക്ക് മാറ്റിയിട്ടുള്ളത്. അംഗീകരിച്ച കരട് ചട്ടം ഇന്നലെ പി.എസ്.സി സർക്കാരിന് കൈമാറി. അന്തിമചട്ടം ഉടൻ വിജ്ഞാപനം ചെയ്യും.