july01h

ആറ്റിങ്ങൽ: പുനരുജ്ജീവനത്തിന്റെ പാതയിൽ വിജയം നേടിയ ആറ്റിങ്ങൽ പരവൂർകോണം ഗവ. എൽ.പി.എസിന് കൈത്താങ്ങായി അയൽക്കൂട്ടങ്ങളും. ആറ്റിങ്ങൽ നഗരസഭയിലെ 6, 7 വാർഡുകളിലെ അയൽക്കൂട്ടങ്ങളിൽ നിന്ന് സ്വരൂപിച്ച 25,000 രൂപയുടെ ചെക്ക് നഗരസഭാ ചെയർമാൻ എം. പ്രദീപ് ഹെഡ്മിസ്ട്രസ് അജിതകുമാരിക്ക് കൈമാറി. സി.ഡി.എസ് ചെയർപേഴ്സൺ എ. റീജ, വിദ്യ എന്നിവർ പങ്കെടുത്തു. വിദ്യാലയങ്ങളെ സംരക്ഷിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ കൂട്ടായ്മയുടെ കർമ്മപദ്ധതിയുടെ ഭാഗമായാണ് അയൽക്കൂട്ടങ്ങൾ തുക സംഭാവന ചെയ്തത്. വിദ്യാർത്ഥികൾ ഇല്ലാത്തതിനാൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട സ്കൂളാണ് പരവൂർക്കോണം എൽ.പി.എസ്. എന്നാൽ നാട്ടുകാരുടെ ഇടപെടൽ കാരണം വിദ്യാലയത്തിന്റെ ദുരവസ്ഥയ്ക്ക് മാറ്റമുണ്ടായി. നാല് വർഷം മുൻപ് ഒരു കുട്ടി മാത്രം ഉണ്ടായിരുന്ന ഈ വിദ്യാലയത്തിൽ ഇപ്പോൾ നൂറ് കുട്ടികൾ പഠിക്കുന്നുണ്ട്.