തിരുവനന്തപുരം: ധനവിനിയോഗ ബിൽ ചർച്ചയിൽ സ്വതന്ത്രാംഗം പി.സി. ജോർജിന്റെ സമയം മുസ്ലിംലീഗ് അംഗം എൻ. ഷംസുദ്ദീന് കൈമാറിയതിനെച്ചൊല്ലി നിയമസഭയിൽ വാഗ്വാദം.
ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ പ്രതിനിധിയായ പി.സി. ജോർജിന്റെ സമയം ലീഗ് അംഗം ഷംസുദ്ദീൻ കടം വാങ്ങിയതിലൂടെ ലീഗ്- ബി.ജെ.പി ഒത്തുകളി വ്യക്തമായെന്ന് ആരോപിച്ചത് സി.പി.എമ്മിലെ എ. പ്രദീപ്കുമാറാണ്.. ബി.ജെ.പിയുടെ സമയം കടം വാങ്ങി ലീഗ് അംഗം സി.പി.എമ്മിനെ ആക്രമിക്കുകയായിരുന്നു...പി.സി. ജോർജിനും ബി.ജെ.പി അംഗം ഒ. രാജഗോപാലിനുമുള്ള ഒരോ മിനിറ്റ് ചേർത്ത് ജോർജിന് രണ്ട് മിനിറ്റായിരുന്നു അനുവദിക്കപ്പെട്ട സമയം. ചർച്ച ആരംഭിക്കും മുമ്പേ ,ജോർജ് മടങ്ങിപ്പോകുന്നതിനിടെ തന്റെ സമയം ഷംസുദ്ദീന് കൈമാറുന്നതായി സ്പീക്കർക്ക് എഴുതി നൽകിയതായി പ്രദീപ് കുമാർ പറഞ്ഞു.
എന്നാൽ, പി.സി. ജോർജ് പ്രസംഗത്തിനില്ലെന്ന് പറഞ്ഞതിനാലാണ് സമയം വാങ്ങിയതെന്ന് ഷംസുദ്ദീൻ മറുപടി നൽകി. അനുവദിക്കപ്പെട്ട 10 മിനിറ്റിന് പുറമേ രണ്ട് മിനിറ്റ് കൂടി ഷംസുദ്ദീന് കിട്ടി.
താൻ പ്രസംഗിക്കാനുള്ള പോയിന്റുകൾ കുറിച്ചുകൊണ്ടിരിക്കെ, പി.സി. ജോർജ് തങ്ങളുടെ മുന്നിലൂടെ യാത്ര പറഞ്ഞ് പോവുകയായിരുന്നുവെന്ന് ഷംസുദ്ദീൻ കേരളകൗമുദിയോട് പ്രതികരിച്ചു. പ്രസംഗിക്കുന്നില്ലേയെന്ന് ഉബൈദുള്ള ചോദിച്ചു. ഇല്ലെന്ന് ജോർജ് പറഞ്ഞപ്പോൾ, ,എങ്കിൽ നിങ്ങളുടെ രണ്ട് മിനിറ്റ് ഷംസുദ്ദീന് കൊടുക്കൂ എന്ന് തമാശയ്ക്ക് പറഞ്ഞു. ജോർജ് തന്റെ രണ്ട് മിനിറ്റ് ഷംസുദ്ദീന് കൈമാറുന്നതായി സ്പീക്കർക്ക് എഴുതി നൽകി. താനത് നിഷേധിക്കാൻ പോയില്ല.. കഴിഞ്ഞ ധനാഭ്യർത്ഥനകളിലെല്ലാം ജോർജ് ഭരണപക്ഷത്തിനാണ് വോട്ട് ചെയ്തത്. സഭയിൽ മന്ത്രിമാരെ പുകഴ്ത്തിയേ സംസാരിച്ചിട്ടുമുള്ളൂ. താനാണെങ്കിൽ ഇന്നലെയും സഭയിൽ ബി.ജെ.പി-സംഘപരിവാറിനെതിരെ രൂക്ഷവിമർശനമാണുന്നയിച്ചതെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി.