തിരുവനന്തപുരം: കർക്കടകം പിറക്കാൻ രണ്ടാഴ്ചയേയുള്ളൂ. കാലാവസ്ഥാ മുന്നറിയിപ്പിനു പകരം വരുന്നത് വൈദ്യുതി ബോർഡ് വക അറിയിപ്പാണ്: ജാഗ്രത! പവർകട്ട് വരുന്നുണ്ട്. മൺസൂൺ ചതിച്ചതോടെ മുമ്പൊന്നുമില്ലാത്ത വൈദ്യുതി പ്രതിസന്ധിയാണ് മുന്നിൽ.
വൈദ്യുതി ഉത്പാദനം എങ്ങനെയെല്ലാം കുറച്ച് മിച്ചംപിടിക്കാൻ നോക്കിയാലും കഷ്ടിച്ച് ഒരു മാസത്തേക്കുള്ള വെള്ളമേ അണകളിലൂള്ളൂ. അല്ലെങ്കിൽ പുറത്തുനിന്ന് കൊണ്ടുവരണം. പ്രസരണ ലൈനുകളുടെ ശേഷിയനുസരിച്ച് കൊണ്ടുവരാവുന്ന പരമാവധിയായ 2900 മെഗാവാട്ട് ഇപ്പോഴേ എത്തിക്കുന്നുണ്ട്. ആവശ്യമുള്ള വൈദ്യുതിയുമായി തട്ടിച്ചുനോക്കുമ്പോൾ കുറവ് 700 മെഗാവാട്ടിന്റേതാണ്. ഏകപോംവഴി, ഇരുട്ടത്തിരിക്കുക! അക്കാര്യത്തിൽ തീരുമാനം നാളെയുണ്ടാകും.
ജല വൈദ്യുതി ഉത്പാദനം ദിവസം 12 ദശലക്ഷം യൂണിറ്റായി ചുരുക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചിട്ടുണ്ട്. കരുതൽ ശേഖരമുപയോഗിച്ച് ഉണ്ടാക്കാവുന്ന വൈദ്യുതി 390 ദശലക്ഷം യൂണിറ്റാകുന്നതു വരെ നിയന്ത്രണം തുടരും. ഇനിയും മഴ കനിഞ്ഞില്ലെങ്കിൽ
ഉത്പാദനം 10 ദശലക്ഷം യൂണിറ്റിനും താഴേയ്ക്ക് കുറയ്ക്കേണ്ടിവരും. ഇൗ കുറവ് പരിഹരിക്കാൻ പടിപടിയായി പവർകട്ട് ഏർപ്പെടുത്താനാണ് ആലോചന. ഇപ്പോഴത്തെ അവസ്ഥ തുടർന്നാൽ 20 ദിവസത്തിനകം നിയന്ത്രണം നടപ്പാക്കേണ്ടിവരും.
കൊച്ചി- ഇടമൺ- കൂടംകുളം ലൈൻ പൂർത്തിയാക്കിയാൽ 1000 മെഗാവാട്ട് അതുവഴി എത്തിക്കാം.ഒരു ടവർ കൂടിയേ നിർമ്മിക്കാനുള്ളൂ, പക്ഷേ, സ്ഥലം ഉടമയുടെ പരാതിയിൽ നിർമ്മാണം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. അതു നീങ്ങിക്കിട്ടിയാൽ മൂന്നാഴ്ച കൊണ്ട് വൈദ്യുതി എത്തിക്കാമെന്നാണ് ബോർഡ് പറയുന്നത്. ഇതിനുള്ള നീക്കം വേഗത്തിലാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.