malambuzha-jail

തിരുവനന്തപുരം: ഭിന്നലിംഗക്കാർക്കായി പ്രത്യേക പദ്ധതികളും തൊഴിൽപരിഗണനയുമൊക്കെ ഒരു വശത്ത് നടക്കുമ്പോൾ അവർക്കായി ട്രാൻസ്ജെൻഡർ സൗഹൃദ ജയിലും! സംസ്ഥാനത്ത് ഇത്തരം ആദ്യ ജയിൽ പാലക്കാട് മലമ്പുഴ മന്തക്കാട്ട് തുറക്കും. സംസ്ഥാനത്തെ പതിമൂന്നാമത് ജയിലാണ് ഇത്. ഒൻപതിനു രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മൂന്ന് ട്രാൻസ്ജെൻഡേഴ്സിനെ വെവ്വേറെ പാർപ്പിക്കാൻ പ്രത്യേക സെല്ലുകളുള്ള ജയിലിൽ ആകെ 24 തടവുമുറികൾ. 272 പുരുഷ തടവുകാരെയും 48 വനിതാ തടവുകാരെയും പാർപ്പിക്കാം. പാലക്കാട് ടിപ്പുസുൽത്താൻ കോട്ടയ്ക്കകത്തുള്ള സ്‌പെഷ്യൽ സബ് ജയിലാണ്

ജില്ലാ ജയിലായി ഉയർത്തി മലമ്പുഴയിലേക്കു മാറ്റിയത്. 27പേർക്കു മാത്രം ഇടമുള്ള സബ് ജയിലിൽ നിലവിൽ 137 തടവുകാരുണ്ട്. കോട്ടയ്ക്കകത്തെ ജയിൽ കെട്ടിടം ഒഴിയണമെന്ന് പുരാവസ്തുവകുപ്പ് ആവശ്യപ്പെട്ടിരുന്നു.

സ്‌പെഷ്യൽ സബ്‌ ജയിലിൽ നിലവിലുള്ള 24 ഉദ്യോഗസ്ഥർക്കു പുറമേ ഒരു സൂപ്രണ്ടിന്റെ ഉൾപ്പെടെ ആറ് തസ്തികകൾ പുതുതായി അനുവദിച്ചിട്ടുണ്ട്. മലമ്പുഴ ഉദ്യാനത്തിനടുത്ത് ജലസേചനവകുപ്പിന്റെ എട്ട് ഏക്കറിലാണ് ജയിൽ ഒരുക്കിയിരിക്കുന്നത്. ജയിൽ കെട്ടിടം മാത്രം രണ്ട് ഏക്കറിൽ. ബാക്കി സ്ഥലത്ത് അനുബന്ധ സംവിധാനങ്ങൾ. രണ്ടു വർഷം മുമ്പ് കെട്ടിടം പണി പൂർത്തിയായിരുന്നെങ്കിലും ജീവനക്കാരുടെ നിയമനം വൈകിയപ്പോൾ ഉദ്ഘാടനവും നീണ്ടു.

16.92 കോടിയിൽ ഹൈടെക് ജയിൽ

19 പേരെ ഉൾക്കൊള്ളുന്ന വലിയ സെല്ലുകൾ

 ഓരോ സെല്ലിലും അറ്റാച്ച്ഡ് ടോയ്‌ലെറ്ര്

 വിശാലമായ ഡൈനിംഗ് ഹാൾ


എല്ലാ ജില്ലാ ജയിലുകളിലും ട്രാൻസ്‌ജെൻഡേഴ്സിന് ഒരു സെൽ വേണം. നിലവിലെ ജയിലുകളിൽ ഇതിനുള്ള സൗകര്യമില്ല. മലമ്പുഴയിലേത് തുടക്കമാണ്-

ഋഷിരാജ് സിംഗ്, ജയിൽ ഡി.ജി.പി