ആറ്റിങ്ങൽ: അയിലം പാലത്തിൽ ഭീതി പരത്തി വീണ്ടും തേനീച്ചക്കൂടുകൾ. ക്ഷേത്രവും സ്കൂളും സ്ഥിതിചെയ്യുന്ന പരിസരത്താണ് പാലത്തിൽ മൂന്ന് തേനീച്ചക്കൂടുകൾ കണ്ടെത്തിയത്. രാവും പകലും നാട്ടുകാരും വിദ്യാർഥികളും സഞ്ചരിക്കുന്ന സ്ഥലത്ത് ഇത്തരം കൂടുകൾ പരിസരവാസികളിൽ പരിഭ്രാന്തി പരത്തിയിരിക്കുകയാണ്. കൂടാതെ മാസങ്ങൾക്ക് മുൻപ് ഇവിടെ തേനീച്ചയുടെ ആക്രമണത്തിൽ ഒരു വൃദ്ധൻ മരണപ്പെട്ടിരുന്നു. എത്രയും വേഗം ഈ കൂടുകൾ നശിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.