ഗ്ളൂക്കോസ് എന്നത് ശരീരത്തിന് ആരോഗ്യം നല്കുന്ന ഊർജ്ജ സ്രോതസ്സാണ്. അത് ശരീര കോശങ്ങളുടെ വളർച്ചയ്ക്കും തലച്ചോറിലെ പ്രവർത്തനത്തിനും അത്യാവശ്യമാണ്. രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ഇത് ശരീരത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയുമാണ് പ്രമേഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
അമിതദാഹം, അമിത വിശപ്പ്, വായയും ചുണ്ടും തൊണ്ടയുമൊക്കെ വരളുക, കൂടെകൂടെ മൂത്രമൊഴിക്കുക, പ്രതീക്ഷിക്കാതെ ശരീരഭാരം കുറയുക, തളർച്ച, ക്ഷീണം, മോണകളിലും തൊലിപ്പുറത്തും ഗുഹ്യഭാഗത്തും ഇടവിട്ടുവരുന്ന അണുബാധ തുടങ്ങിയവയൊക്കെ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
ചിട്ടയായ ആഹാരക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെ അകറ്റിനിർത്താനാകും. ഇൻസുലിൻ ഹോർമോൺ അളവിൽ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണം കുറയുന്നു. ഇത് രക്തത്തിൽ ഗ്ലൂക്കോസിന്റെ നില കൂടാൻ കാരണമാകും. പ്രമേഹരോഗ പാരമ്പര്യമുള്ളവർ, പൊണ്ണത്തടിയുള്ളവർ, വ്യായാമമില്ലാത്ത തൊഴിൽ ചെയ്യുന്നവർ, ഗർഭകാലത്ത് പ്രമേഹം വന്നവർ, അമിതമാനസിക സംഘർഷമുള്ളവർ തുടങ്ങിയവരിൽ രോഗസാധ്യത കൂടുതലാണ്.
ജീവിതശൈലിയിൽ മാറ്റംവരുത്തുകയാണ് പ്രമേഹത്തിനെതിരെ ആദ്യംചെയ്യേണ്ടത്. അമിതഭക്ഷണം ഒഴിവാക്കുക, ആഹാരത്തിനനുസരിച്ച് ജോലിയോ വ്യായാമമോ ചെയ്യുക. പൊണ്ണത്തടി വരാതിരിക്കാൻ ശ്രദ്ധിക്കുക. സമീകൃതാഹാരം ശീലിക്കുക, എണ്ണപരമാവധി കുറയ്ക്കുക. വേവിക്കാത്ത പച്ചക്കറികൾ ധാരാളം കഴിക്കുന്നതും നല്ലതാണ്. കഴിവതും മാനസിക സംഘർഷം ഒഴിവാക്കുക.
പ്രമേഹത്തെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടാൽ അത് ഹൃദയ ആരോഗ്യത്തെയും നാഡീവ്യവസ്ഥയെയും കിഡ്‌നിയുടെ പ്രവർത്തനത്തെയും കണ്ണുകളുടെ പ്രവർത്തനത്തെയും ഗുരുതരമായി ബാധിക്കും. അതുകൊണ്ട് പ്രമേഹത്തെ എത്രയുംവേഗം നിയന്ത്രണ വിധേയമാക്കേണ്ടത് അത്യാവശ്യമാണ്.
ഡോ. ത്രിജിൽ കൃഷ്ണൻ ഇ.എം,
അസി. പ്രൊഫസർ,
PNNM ആയുർവേദ
മെഡിക്കൽ കോളേജ്,
ചെറുതുരുത്തി, തൃശൂർ
ഫോൺ: 9809336870