നേമം: പള്ളിച്ചലിലെ അടച്ചിട്ടിരുന്ന വീട്ടിൽ ദിവസങ്ങൾക്ക് മുമ്പ് നടന്ന കവർച്ചയിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിരുവനന്തപുരം ഏജീസ് ഒാഫീസിലെ ജീവനക്കാരൻ പളളിച്ചൽ പുന്നമൂട് റോഡ് ട്വിങ്കിൾ ഹൗസിൽ ജി.കെ.സുനിലിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. ഇവിടെ നിന്നും രണ്ടരപ്പവന്റെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. ഇപ്പോൾ നാഗർകോവിൽ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പള്ളിച്ചലിൽ കവർച്ച നടന്ന അതേ ദിവസം തന്നെ നാഗർകോവിൽ വടശ്ശേരിയിലും സമാനരീതിയിൽ മോഷണം നടന്നതായി പൊലീസ് പറയുന്നു. ഇവിടെ കവർച്ച നടത്തിയ മോഷ്ടാക്കളാണോ പള്ളിച്ചലിലും കവർച്ച നടത്തിയതെന്ന സംശയത്തിലാണ് നാഗർകോവിലിലും പൊലീസ് അന്വേഷണം നടത്തുന്നത്.

ഇരു സ്ഥലങ്ങളിലെയും മോഷ്ടാക്കളുടെ വിരലടയാളങ്ങൾ സമാനമായാൽ രണ്ട് കേസുകളിലെയും പ്രതികൾ ഒന്നാണെന്ന നിഗമനത്തിൽ എത്താൻ കഴിയും. പള്ളിച്ചലിൽ കവർച്ച നടന്ന വീട്ടിൽ പരിശോധനയ്ക്കെത്തിയ ഡോഗ് സ്ക്വാഡിലെ നായ മണംപിടിച്ച് സമീപത്തെ വീട് വരെയെത്തിയിരുന്നു. തുടർന്ന് പൊലീസ് അയൽവാസിയെ ചോദ്യം ചെയ്തെങ്കിലും കാര്യമായ പ്രയോജനമൊന്നുമുണ്ടായില്ല.

ഈ സാഹചര്യത്തിലാണ് വടശ്ശേരിയിൽ കവർച്ച നടത്തിയവരുടെ വിരലടയാളങ്ങൾ സമഗ്രമായി അന്വേഷണത്തിന് വിധേയമാക്കിയത്. മോഷ്ടാവ് ഉടൻ വലയിലാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.