തിരുവനന്തപുരം: എംപാനൽ ഡ്രൈവർമാരുടെ കൂട്ട പിരിച്ചുവിടലിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ സർക്കാർ ഇടപെട്ട് വഴി തുറക്കുന്നതിനിടെ, തലതിരിഞ്ഞ നടപടികളിലൂടെ കെ.എസ്.ആർ.ടി.സി പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. ആയിരത്തിലേറെ സർവീസുകൾ റദ്ദാക്കേണ്ടിവന്നു. യാത്രാക്ളേശവും രൂക്ഷമായി തുടർന്നു.
2107 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെയാണ് വ്യാപകമായി സർവീസുകൾ റദ്ദു ചെയ്യേണ്ടി വന്നത്. തുടർന്ന് ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാലിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, പിരിച്ചുവിട്ടവരിൽ അഞ്ചു വർഷം കാലാവധി പൂർത്തിയാക്കിയവരെ താത്കാലികാടിസ്ഥാനത്തിൽ തിരിച്ചെടുക്കാൻ തീരുമാനിച്ചു. അവർ ജോലിക്കു പ്രവേശിക്കുന്നതോടെ പ്രതിസന്ധി തീരുമെന്ന് പ്രതീക്ഷിച്ചതാണ്. എന്നാൽ, താത്കാലികക്കാരായ 512 ഡ്രൈവർമാരെക്കൂടി ഇന്നലെ പിരിച്ചുവിട്ടുകൊണ്ട് കെ.എസ്.ആർ.ടി.സി പുതിയ പ്രതിസന്ധി തുറന്നിട്ടു.
കാലാവധി കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്നാണ് രണ്ടാഴ്ച മുമ്പ് 512 ഡ്രൈവർമാരെ 5000 രൂപ ഡെപ്പോസിറ്റ് വാങ്ങി താത്കാലികക്കാരായി നിയമിച്ചത്. എംപാനലുകാരെയെല്ലാം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവരെയും പിരിച്ചുവിട്ടതെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വാദം.180 ദിവസം സർവീസ് പൂർത്തിയാക്കിയവരെയാണ് പിരിച്ചുവിടാൻ തീരുമാനിച്ചിരുന്നത്. ഇന്നലെ പുറത്താക്കിയവരുടെ സർവീസ് കാലാവധി വെറും പത്തു ദിവസം!
തിരിച്ചു വന്നവർ 400,
പാസില്ല; പ്രതിഷേധം
ആദ്യം പിരിച്ചുവിട്ട 2017 എംപാനൽ ഡ്രൈവർമാരിൽ താത്കാലികക്കാരാകാൻ തയ്യാറായി ഇന്നലെ എത്തിയത് 400 പേർ മാത്രം. അഞ്ചു വർഷത്തെ സർവീസുള്ളവരെയാണ് തിരിച്ചെടുക്കാൻ സർക്കാർ തീരുമാനിച്ചിരുന്നത്. പിരിച്ചുവിട്ടതിൽ അത്രയും സർവീസുള്ള 570 പേരുണ്ട്..
ഡ്യൂട്ടി പാസ് പോലും പിൻവലിച്ചതിൽ അവർ അമർഷത്തിലാണ്. . ജോലിക്കെത്താനും തിരികെ പോകാനും ബസിൽ ടിക്കറ്റെടുക്കണം. ബസിന് അറ്റകുറ്റപ്പണി കാരണം ഷെഡ്യൂൾ റദ്ദാക്കേണ്ടിവന്നാൽ തിരികെ പോകേണ്ടിവരും. 500 രൂപയാണ് ഒരു ഡ്യൂട്ടിക്കുള്ള വേതനം. മറ്റു വാഹനങ്ങൾ ഓടിച്ചാൽ ഇതിൽകൂടുതൽ പ്രതിഫലം ലഭിക്കും. കെ.എസ്.ആർ.ടി.സിയിലെ ജോലി സ്ഥിരപ്പെടുമെന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം പേരും എംപാനലായി ഇതുവരെ തുടർന്നത്.