തിരുവനന്തപുരം: തലസ്ഥാനത്തുനിന്നു ജർമ്മൻ യുവതിയെ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്ന സാഹചര്യത്തിൽ കേരള പൊലീസ് ഇന്റർപോളിന്റെ സഹായം തേടി. ലിസയ്ക്കൊപ്പം എത്തി തനിയെ മടങ്ങിയ സുഹൃത്ത് യു.കെ സ്വദേശി മുഹമ്മദ് അലിയെ കണ്ടെത്തുന്നതിനാണ് ഇന്റർപോളിന്റെ സഹായം തേടിയത്. ലിസയ്ക്കും മുഹമ്മദ് അലിക്കും ഒപ്പം മറ്റൊരു പുരുഷനും എത്തിയിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. ഇയാൾ ഏത് രാജ്യക്കാരനാണെന്നുപോലും വ്യക്തമല്ല. ലിസ വെയ്സിനൊപ്പം എത്തിയ ശേഷം മാർച്ച് 15ന് തനിച്ച് മടങ്ങാനുണ്ടായ സാഹചര്യം, ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്നാമൻ ആരാണ് തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് മുഹമ്മദ് അലിയിൽ നിന്ന് ലഭിക്കേണ്ടത്.
ഇതോടൊപ്പം ലിസയുടെ മാതാവിനെ വീഡിയോ കോൺഫറൻസിലൂടെ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കും. ഉപയോഗിച്ചിരുന്ന ഫോൺ, സാമൂഹികമാദ്ധ്യമങ്ങളിലെ അക്കൗണ്ടുകൾ എന്നിവയുടെ വിവരങ്ങളും ശേഖരിക്കും. ഇതിനായി ജർമ്മൻ കോൺസുലേറ്റിന്റെ സഹായവും അന്വേഷണ സംഘം അഭ്യർത്ഥിച്ചിട്ടുണ്ട്. ലിസയും സുഹൃത്തും എത്തിയ വിമാനത്തിന്റെ യാത്രാ ചാർട്ടും അന്വേഷണ സംഘം പരിശോധിക്കും. ലിസ വിമാനമാർഗം ഇന്ത്യ വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പൊലീസ്. വിവിധ വിമാനത്താവളങ്ങളിലെ യാത്രാരേഖകൾ പരിശോധിച്ചതിൽനിന്നാണ് ഈ നിഗമനത്തിലെത്തിയത്.
ലിസയുടെ കേരളത്തിലെ യാത്രാവിവരങ്ങൾ ഇതുവരെ പൊലീസിന് ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. 2011ൽ ഇവർ കേരളത്തിൽ എത്തിയിരുന്നതായും കൊല്ലം അമൃതപുരിയിലെ ആശ്രമത്തിൽ താമസിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. മുഹമ്മദ് അലിയെ പരിചയപ്പെട്ട ശേഷം ലിസ മതപരിവർത്തനത്തിന് വിധേയയായിരുന്നു. കേരളത്തിലെ മത സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. നർകോട്ടിക് സെൽ അസി. കമ്മിഷണർ ഷീൻ തറയിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കഴിഞ്ഞ മാർച്ച് ഏഴിനാണ് ജർമ്മൻ സ്വദേശി ലിസയും സുഹൃത്തും തിരുവനന്തപുരത്തെത്തിയത്.
കൊല്ലം അമൃതപുരിയിലേക്ക് പോകാനാണ് എത്തിയതെന്നാണ് വിമാനത്താവളത്തിലെ രേഖകളിലുള്ളത്. എന്നാൽ ഇവർ അവിടെ എത്തിയില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.