dam

നെയ്യാറ്റിൻകര : കാലവർഷം തുണയ്ക്കാത്തതിനാൽ നെയ്യാറ്റിൻകര താലൂക്ക് അതിരൂക്ഷമായ വരൾച്ചയിലേയ്ക്ക് നീങ്ങുന്നു. നെയ്യാർ ജലസംഭരണി ഉൾപ്പെടെയുള്ള ജലസ്രോതസുകൾ അനുദിനം വറ്റുകയാണ്. താലൂക്കിലെ പ്രധാന ജലസ്ത്രോതസായ നെയ്യാർ നദിയും മരുത്തൂർ തോടും ദിവസങ്ങൾ കഴിയുംതോറും മെലിയുകയാണ്. താലൂക്കിലെ പ്രധാന വയലേലകളെല്ലാം വരണ്ട് വിണ്ടുകീറി. കഴിഞ്ഞ വേനലിലും പ്രളയത്തിലും കൃഷിനാശം സംഭവിച്ചവർക്ക് ഇതു വരെ ദുരിതാശ്വാസ തുക ലഭിക്കാത്ത സാഹചര്യത്തിലാണ് വരൾച്ച കൂടിയെത്തിയത്. ഇതു കാരണം കൃഷി ചെയ്യാനാകാത്ത സ്ഥിതിയിലാണ് കർഷകർ. പിരായുംമൂട്, പെരുമ്പഴുതൂർ, ചെങ്കൽ കൃഷിമേഖലയൊക്കെ ഇതിനകം വറ്റി വരണ്ടു കഴിഞ്ഞു. സാധാരണ ജൂണിലെ മഴയ്ക്ക് ശേഷം കൃഷി സജീവമാകുന്ന അവസ്ഥയ്ക്കാണ് ഇത്തവണ മാറ്റമുണ്ടായിരിക്കുന്നത്.ഇതോടെ കർഷകരുടെ അവസ്ഥ പരുങ്ങലിലായി.

ദുരിതം ഇവിടെ....... പിരായുംമൂട്, പെരുമ്പഴുതൂർ, ചെങ്കൽ

നെയ്യാർ ഡാമിൽ നിന്നുപോകുന്ന കനാലുകളെ ആശ്രയിച്ചും ഇറിഗേഷൻ പദ്ധതികൾ നടത്തുന്നുണ്ട്. എല്ലാം മഴയെ ആശ്രയിച്ചാണെന്നുമാത്രം. മഴ ലഭിച്ചില്ലെങ്കിൽ ഡാം വരണ്ട് ജലസേചനം നിലയ്ക്കുമെന്നത് ഉറപ്പാണ്. ഇതോടെ കഷ്ടത്തിലാകുന്നത് പതിനായിരത്തോളം ജനങ്ങളാണ്.

നെയ്യാർ ഡാം

നെയ്യാ​റ്റിൻകര താലൂക്കിലെ കുടിവെള്ളത്തിനും കൃഷിക്കും ഏക ആശ്രയമാണ് നെയ്യാർ ഡാം. കൃഷിക്കു വെള്ളമെത്തിക്കുന്ന രണ്ടുകനാലുകളിൽ ഒന്നു താത്ക്കാലികമായി അടച്ചു. ജലസേചനത്തിനായി ദിവസവും 0.35 മില്യൺ മീ​റ്റർ ക്യൂബ് വെള്ളം വേണം. ജലനിരപ്പ് ഇതേനിരക്കിൽ താഴുകയും മഴ കനിയാതിരിക്കുകയും ചെയ്താൽ വരുന്ന മാർച്ചോടെ രണ്ടുകനാലും അടയും. അങ്ങനെ വന്നാൽ പാറശാല മുതൽ പൂവാർ വരെയുള്ള കൃഷിയിടങ്ങൾ നശിക്കും. താലൂക്കിൽ കുടിവെള്ളമെത്തിക്കുന്ന കാളിപ്പാറ പദ്ധതി നിശ്ചലമാകും. കന്യാകുമാരി ജില്ലയിൽ കൃഷിക്കുള്ള വെള്ളവും ഇതോടെ തടസപ്പെടും.