balabaskar

തിരുവനന്തപുരം: ദുബായിൽ നിന്നുള്ള സ്വർണക്കടത്തിൽ സംഗീതജ്ഞൻ ബാലഭാസ്കറിന്റെ പണമില്ലെന്ന്,​ ബാലുവിന്റെ പണമിടപാടുകൾ കൈകാര്യം ചെയ്തിരുന്ന വിഷ്‌ണുവിന്റെ മൊഴി. കേസിൽ ഡി.ആർ.ഐ പ്രതിയാക്കിയ വിഷ്‌ണുവിനെ കാക്കനാട് ജയിലിലെത്തിയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരികൃഷ്‌ണന്റെ സംഘം ചോദ്യം ചെയ്തത്. സ്വർണ്ണക്കടത്തിന് പണം നൽകിയത് നിസാം, സത്താർ ഷാജി, ബിജു മോഹൻ എന്നിവരാണ്. പാലക്കാട്ടെ ആശുപത്രിയുടമയ്ക്ക് ബാലുവിന്റെ നിർദ്ദേശപ്രകാരം 10 ലക്ഷം രൂപ തന്റെ അക്കൗണ്ടിൽ നിന്ന് നൽകി. ബാലുവും 10 ലക്ഷം നൽകിയിരുന്നു. ഇത് ബാങ്ക് വഴി തിരികെ നൽകിയിട്ടുണ്ട്.

ഭക്ഷ്യസംസ്കരണ ഉപകരണങ്ങളുണ്ടാക്കുന്ന തന്റെ കമ്പനിയിൽ ബാലഭാസ്കർ 25 ലക്ഷം രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഡ്രൈവർ അർജുനെ ജോലിക്കു കൊണ്ടുവന്നത് താനാണ്. ബാലു മരിച്ചപ്പോൾ ദുബായിലായിരുന്ന താൻ മരണവിവരമറിഞ്ഞാണ് നാട്ടിലെത്തിയതെന്നും ക്രൈംബ്രാഞ്ചിന് വിഷ്ണു മൊഴി നൽകി. ബാലഭാസ്കർ മരിച്ച ശേഷമാണ് വിഷ്‌ണുവും സംഘവും സ്വർണക്കടത്ത് തുടങ്ങിയതെന്നാണ് ഡി.ആർ.ഐ കണ്ടെത്തിയിട്ടുള്ളത്. ഇതുകൂടി പരിഗണിക്കുമ്പോൾ ബാലഭാസ്കറിന്റെ മരണവും സ്വർണക്കടത്തു കേസുമായി ബന്ധമില്ലെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. അതു സ്ഥാപിക്കാവുന്ന തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് നേരത്തേ ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

അതേസമയം ബാലഭാസ്‌കറിന്റെ മരണത്തിനു കാരണമായ അപകടം വരുത്തിവച്ചത് വാഹനത്തിന്റെ അമിതവേഗമാണെന്ന് ടൊയോട്ട കമ്പനിയുടെ എൻജിനിയർമാർ റിപ്പോർട്ട് നൽകി. അപകടസമയം വാഹനത്തിന്റെ വേഗം 100- 120 കിലോമീറ്റർ ആയിരുന്നു.

മുന്നിൽ ഇടതുവശത്തിരുന്ന ലക്ഷ്‌മി മാത്രമാണ് സീറ്റ്ബെൽറ്റ് ധരിച്ചിരുന്നതെന്നും ടൊയോട്ട കമ്പനിയുടെ റിപ്പോർട്ടിലുണ്ട്. ഫോറൻസിക് ഫലം കൂടി ലഭിച്ച ശേഷം ഈയാഴ്ച അന്തിമ നിഗമനത്തിലെത്തുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഡ്രൈവിംഗ് സീറ്റിലെ രക്തക്കറയും മുടിയിഴയും സീറ്റ് ബെൽറ്റുകളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ചാൽ കാറോടിച്ചത് ആരാണെന്ന് വ്യക്തമാവും. അർജ്ജുനാണ് കാറോടിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനമെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.