വെള്ളറട:ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിച്ച സംഘത്തിലെ ഒരാൾ പിടിയിൽ. പാറശാല പാലക്കര കുരിയൻകര വീട്ടിൽ അജിത് (18) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്. മൊബൈൽ ടവർ ലൊക്കേഷൻകേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നെയ്യാറ്റിൻകര വച്ചാണ് പ്രതിയായ അജിത്തിനെ പിടികൂടിയത്.
മാല മോഷണം പതിവായതിനെ തുടർന്ന് റൂറൽ എസ്. പിയുടെ നിർദ്ദേശത്തെ തുടർന്ന് നെയ്യാറ്റിൻകര ഡിവൈ. എസ്. പിയുടെ ഷാഡോ പൊലീസ് സംഘവും വെള്ളറട സി. ഐ ബിജു , എസ്. ഐ സതീഷ് ശേഖരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മാർച്ച് 18 ന് തേക്കുപാറ കുളമാൻകുഴി സ്വദേശി രാഖി പാലുവാങ്ങി വീട്ടിലേക്ക് വരുന്നവഴി രണ്ടംഗസംഘം ഇവരുടെ കഴുത്തിൽ കിടന്ന അഞ്ചരപവൻ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. പിടിവലിക്കിടയിൽ രണ്ടര പവൻ ഇവർക്കു തിരിച്ചുകിട്ടി. കേസിലെ ഒന്നാം പ്രതി കോട്ടൂർ പുലിപ്പാറ റോഡരികത്ത് വീട്ടിൽ സുജിത്തിനെ (26) നേരത്തേ പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിലാണ്.