obc-reservation

തിരുവനന്തപുരം: സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ നിയമനങ്ങളിൽ ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം പാലിക്കുന്നെന്ന് ഉറപ്പാക്കണമെന്ന് പിന്നാക്ക സംവരണം സംബന്ധിച്ച ഉന്നതാധികാരസമിതി യോഗത്തിൽ മുഖ്യമന്ത്റി പിണറായി വിജയൻ നിർദ്ദേശിച്ചു. പിന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും അർഹമായ പ്രാതിനിദ്ധ്യം ലഭിച്ചിട്ടില്ലെന്ന് ജസ്​റ്റിസ് കെ.കെ. നരേന്ദ്രൻ കമ്മിഷൻ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാനാണ് മുഖ്യമന്ത്റി അദ്ധ്യക്ഷനായി ഉന്നതാധികാര സമിതി രൂപീകരിച്ചത്.

പിന്നാക്കവിഭാഗ കമ്മിഷനെ സമീപിച്ച എല്ലാ സർക്കാർ വകുപ്പുകൾക്കും അർദ്ധസർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങൾക്കും യൂസർ ഐഡിയും പാസ്‌വേഡും അനുവദിച്ച് പരിശീലനം നൽകിയിട്ടുണ്ട്. എന്നാൽ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ലെന്ന് മന്ത്റി എ.കെ. ബാലൻ യോഗത്തെ അറിയിച്ചു. മ​റ്റ് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിദ്ധ്യം സംബന്ധിച്ച വിവരങ്ങൾ സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും പൂർണമായും ലഭ്യമാക്കാത്തതിൽ മുഖ്യമന്ത്റി അതൃപ്തി അറിയിച്ചു. ഇക്കാര്യത്തിൽ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് തുടർ നടപടി സ്വീകരിക്കണം.

മന്ത്റിമാരായ എ.കെ. ബാലൻ, കെ. കൃഷ്ണൻകുട്ടി, സമിതി അംഗങ്ങളായ എം.എൽ.എമാർ, ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് മേധാവികൾ, പൊതുമേഖലാ സ്ഥാപന മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.