medical-sector

തിരുവനന്തപുരം: ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നടത്തിയ ഹിയറിംഗിൽ 20ലക്ഷം വരെ ഫീസാണ് സ്വാശ്രയ മെഡിക്കൽ കോളേജുകൾ ആവശ്യപ്പെടുന്നത്. നാല് കോളേജുകളുടെ ഹിയറിംഗാണ് ഇന്നലെ നിശ്ചയിച്ചിരുന്നത്. രേഖകൾ നൽകിയത് രണ്ട് കോളേജുകൾ മാത്രമാണ്. ഇവർ ആവശ്യപ്പെട്ടത് ഫീസ് 18ലക്ഷം, 20ലക്ഷം എന്നിങ്ങനെയാണ്. കോളേജ് നടത്തിപ്പിനുള്ള ചെലവ് കുത്തനെ ഉയർന്നിരിക്കുകയാണെന്നും ന്യായമായ ഫീസ് നിശ്ചയിച്ചില്ലെങ്കിൽ കോളേജ് നടത്തിപ്പ് അസാദ്ധ്യമാവുമെന്നും കോളേജുകൾ കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്.

രണ്ടു കോളേജുകൾ വരവു ചെലവ് കണക്കുകൾ ഹാജരാക്കാൻ സമയം തേടി. ഇന്നുതന്നെ രേഖകൾ ഹാജരാക്കണമെന്ന് കോളേജുകൾക്ക് കമ്മിറ്റി നിർദ്ദേശം നൽകി. എല്ലാ നടപടിക്രമങ്ങളും പാലിച്ച് പരമാവധി വേഗത്തിൽ ഫീസ് നിശ്ചയിക്കുമെന്നും കുട്ടികൾ ആശങ്കപ്പെടേണ്ടതില്ലെന്നും കമ്മിറ്റി അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ കമ്മിറ്റി ഹിയറിംഗ് നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞവർഷത്തെ ഫീസിൽ കാര്യമായ വർദ്ധനയുണ്ടാവാനാണ് സാദ്ധ്യത. കോളേജുകളുടെ വരവും ചെലവും തമ്മിൽ കാര്യമായ അന്തരമുണ്ട്. തലവരി നിലച്ചതോടെ കോളേജുകളുടെ വരുമാനം കുറഞ്ഞിട്ടുണ്ട്. പാലക്കാട് കേരള മെഡിക്കൽ കോളേജ് പൂട്ടിപ്പോയി. മറ്റുചില കോളേജുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികൾ പറയുന്നു.

അതേസമയം, താത്കാലിക ഫീസിലാണ് പ്രവേശനമെങ്കിലും എട്ടരലക്ഷത്തോളം ഓപ്ഷനുകൾ ഇതുവരെ ലഭിച്ചിട്ടുണ്ട്. ആറുവരെ ഓപ്ഷൻ നൽകാം. 8നാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ആദ്യ അലോട്ട്മെന്റിന് മുൻപ് കുറച്ചു കോളേജുകളുടെയെങ്കിലും ഫീസ് നിശ്ചയിക്കാനുള്ള തീവ്രശ്രമത്തിലാണ് രാജേന്ദ്രബാബു സമിതി. കോളേജുകൾ ഹാജരാക്കിയ കണക്കുകൾ കമ്മിറ്റിയിലെ ചാർട്ടേർഡ് അക്കൗണ്ടന്റ് പരിശോധിക്കുകയാണ്.