തിരുവനന്തപുരം: മൃദംഗ വിദ്വാനും തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജ് റിട്ട. പ്രൊഫസറുമായ ശ്രീവരാഹം ശ്രീവരാഹ നഗർ ഹൗസ് നമ്പർ 22, വിനായകയിൽ പ്രൊഫ. പാലക്കാട് സി.എസ്. കൃഷ്ണമൂർത്തി (82) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് 5.05നായിരുന്നു അന്ത്യം. പാലക്കാട് ടി.എസ്. മണി അയ്യരുടെ ഗുരുവായ സി.എ. സുബ്ബയരുടെ മകനാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതർ അടക്കമുള്ള പ്രഗല്ഭർക്കൊപ്പം കച്ചേരിയിൽ മൃദംഗം വായിച്ചിട്ടുണ്ട്. 1961 ൽ സ്വാതി തിരുനാൾ കോളേജിൽ മൃദംഗ വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായി ജോലിയിൽ പ്രവേശിച്ചു. 82ൽ പ്രൊഫസറും 90ൽ പ്രിൻസിപ്പലുമായി. 92ൽ വിരമിച്ചു.പ്രമുഖ മൃദംഗ വാദകരായ പാറശാല രവി, കടനാട് ഗോപി, പ്രൊഫ. വിദ്യാധരൻ, തിരുവനന്തപുരം എം. ബാലസുബ്രഹ്മണ്യം, മണ്ണൂർ രാജകുമാരനുണ്ണി തുടങ്ങിയവർ ശിഷ്യരാണ്. ഭാര്യ: കൃഷ്ണാംബാൾ. മകൻ: ഗണപതി സുബ്രഹ്മണ്യൻ. മരുമകൾ: ദിവ്യ. സംസ്കാരം ഇന്ന് രാവിലെ 11ന് മണക്കാട് പുത്തൻകോട്ട ശ്മശാനത്തിൽ.