പാറശാല: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ചിന്റെ "ഡോക്ടേഴ്സ് ഡേ" ആഘോഷങ്ങളുടെ ഉദ്ഘാടനം ഗാന്ധിയൻ പി. ഗോപിനാഥൻ നായർ നിർവഹിച്ചു. ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ.എൻ. സുൾഫി മുഖ്യാതിഥിയായിരുന്നു. പ്രളയാനന്തര സന്ദർഭങ്ങളിൽ ഐ.എം.എയുടെ ഭാഗത്ത് നിന്നും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഓർത്തോ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.എസ്. ബിനോയ്, പാറശാല താലൂക്ക് ഹെഡ് കോർട്ടേഴ്സ് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആശുപത്രി സൂപ്രണ്ട് ഡോ.ബി. ഉണ്ണികൃഷണൻ എന്നിവരെയും നെയ്യാറ്റിൻകരയിലെ മുതിർന്ന ഡോക്ടർമാരെയും ചടങ്ങിൽ ആദരിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് പ്രസിഡന്റ് ഡോ.എസ്.കെ. അജയ്യകമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. സീസർ ഇന്നിസ് കൃതജ്ഞത രേഖപ്പെടുത്തി.